ആലപ്പുഴ
സ്വാതന്ത്ര്യസമര ചരിത്രത്തിലെയും തൊഴിലാളിവർഗ പോരാട്ടത്തിലെയും ജ്വലിക്കുന്ന ഏടായ പുന്നപ്ര –-വയലാർ സമരത്തിന്റെ 76–-ാം വാർഷിക വാരാചരണത്തിന് വ്യാഴാഴ്ച തുടക്കമാകും. കോവിഡ് നിയന്ത്രണങ്ങളോടെ നടത്തിയ രണ്ടുവർഷങ്ങൾക്കുശേഷം ഇക്കുറി വിപുലമായാണ് വാരാചരണം സംഘടിപ്പിക്കുന്നത്. സർ സിപിയുടെ ചോറ്റു പട്ടാളത്തോടേറ്റുമുട്ടി മരിച്ച പുന്നപ്രയിലെയും മാരാരിക്കുളത്തെയും മേനാശേരിയിലെയും വയലാറിലെയും ധീരസഖാക്കളുടെ സ്മരണ പിന്മുറക്കാർ ഒരിക്കൽകൂടി പുതുക്കും.
സി എച്ച് കണാരൻ ദിനമായ 20 മുതൽ വയലാർ ദിനമായ 27 വരെയാണ് വാരാചരണം. പിറന്ന മണ്ണിൽ മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനും നാടിന്റെ സ്വാതന്ത്ര്യത്തിനുമായി വീരമൃത്യു വരിച്ച രണധീരരെ 23ന് പുന്നപ്രയിലും 25ന് മേനാശേരിയിലും 26ന് മാരാരിക്കുളത്തും 27ന് വയലാറിലും സ്മരിക്കും. ഇരു കമ്യൂണിസ്റ്റുപാർടികളും സംയുക്തമായാണ് വാരാചരണം സംഘടിപ്പിക്കുന്നത്. അനുസ്മരണ പരിപാടികളിൽ ഇരു പാർടികളുടെയും സമുന്നത നേതാക്കൾ പങ്കെടുക്കും.
പുന്നപ്ര സമരഭൂമി, വലിയചുടുകാട് രക്തസാക്ഷി മണ്ഡപം, മാരാരിക്കുളം എന്നിവിടങ്ങളിൽ വ്യാഴം പതാക ഉയരും. മേനാശേരിയിലും വയലാറിലും വെള്ളിയാഴ്ച ചെങ്കൊടി ഉയരും. പുന്നപ്ര ദിനമായ 23ന് വൈകിട്ട് പുന്നപ്ര സമരഭൂമിയിൽ ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 27ന് വയലാർ ദിനത്തിൽ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ വൈകിട്ട് ചേരുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.