പാപാ ബൗബാ ദിയോപിനെ ഓർമയുണ്ടോ ? രണ്ടുപതിറ്റാണ്ടുമുമ്പ് ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ അട്ടിമറിച്ച സെനെഗലിനായി ഗോൾ നേടിയ ഡിഫൻസീവ് മിഡ്ഫീൽഡർ. ജേഴ്സി ഊരി മൈതാനമൂലയിൽ ദിയോപും കൂട്ടുകാരും കാഴ്ചവച്ച ആഫ്രിക്കൻ നൃത്തച്ചുവടുകൾ മനസ്സിൽനിന്ന് മായില്ല. 90 മിനിറ്റ് പൂർത്തിയായപ്പോൾ ഫ്രാൻസിന് അമ്പരപ്പിക്കുന്ന ഒറ്റഗോൾ തോൽവി. വിജയഗോൾ നേടിയ ബൗബ ദിയോപ് ഇന്ന് ജീവിച്ചിരിപ്പില്ല. രോഗബാധിതനായിരുന്ന നാൽപ്പത്തിരണ്ടുകാരൻ രണ്ടുവർഷംമുമ്പ് മരിച്ചു. 20 വർഷംമുമ്പ് ചാമ്പ്യൻമാരുടെ കൊമ്പൊടിച്ച ആഫ്രിക്കൻ ടീമിന്റെ പടയോട്ടം എങ്ങനെ മറക്കാനാകും.
ആ രാത്രിയാണ് അവരിപ്പോഴും സ്വപ്നം കാണുന്നത്. 2002ൽ അരങ്ങേറ്റത്തിൽ ഉറുഗ്വേയെയും ഫ്രാൻസിനെയും മറികടന്ന് പ്രീ ക്വാർട്ടറിലെത്തി. സ്വീഡനെ തോൽപ്പിച്ച് ക്വാർട്ടറിൽ. ഒടുവിൽ തുർക്കിയോട് തോറ്റു. പിന്നീട് 16 വർഷം കഴിഞ്ഞ് 2018ൽ അത്ഭുതം ആവർത്തിക്കാനായില്ല. ഗ്രൂപ്പുഘട്ടം കടന്നില്ല.
സാദിയോ മാനെയെന്ന ബയേൺ മ്യൂണിക് സ്ട്രൈക്കറുടെ ബൂട്ടിലാണ് കുതിക്കാനുള്ള വെടിമരുന്നുള്ളത്. ഫ്രാൻസിനെ അട്ടിമറിച്ച ടീമിന്റെ ക്യാപ്റ്റനായിരുന്ന അലിഒയു സിസെ ഏഴ്വർഷമായി കോച്ചിന്റെ റോളിലാണ്. സിസെയുടെ വരവ് ടീമിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. തുടർച്ചയായി രണ്ടുതവണ ലോകകപ്പിന് യോഗ്യത നേടി.
മാനെക്ക് പിന്തുണയുമായി മുന്നേറ്റത്തിൽ ഫമര ഡൈദിയുണ്ട്. യോഗ്യതാറൗണ്ടിൽ ഇരുപത്തൊമ്പതുകാരൻ നാല് ഗോൾ നേടി. പ്രതിരോധത്തിൽ ചെൽസി ക്ലബ്ബിന് കളിക്കുന്ന കലിദോയു കൗലിബാലി കരുത്തനാണ്. മധ്യനിരയിൽ കളി മെനയാൻ ഇഡ്രിസയും കൗയട്ടെയുമുണ്ട്.