കൊച്ചി > ഒന്നിലേറെ സംസ്ഥാനങ്ങളിൽ അംഗങ്ങളെ ചേർത്ത് പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി (എംഎസ്സിഎസ്)കളിലെ നിക്ഷേപത്തിൽ കേന്ദ്രസർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ സർക്കുലർ. എംഎസ്സിഎസുകളിലെ നിക്ഷേപവും ഇടപാടുകളും സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ കീഴിലുള്ള കേന്ദ്ര മന്ത്രാലയത്തിന്റെ നടപടി. സെൻട്രൽ രജിസ്ട്രാർക്കുകീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 27 എംഎസ്സിഎസുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
കൃഷി, വ്യാപാരം, ടെക്സ്റ്റൈൽ, കരകൗശലം തുടങ്ങിയ വിവിധ മേഖലകളിലായി രാജ്യത്താകെ 1514 എംഎസ്സിഎസുകളാണുള്ളത്. മഹാരാഷ്ട്രയിലാണ് കൂടുതൽ–- 535 എണ്ണം. 2002ലെ എംഎസ്സിഎസ് നിയമപ്രകാരം കോ–-ഓപ്പറേറ്റീവ് സ്ഥാപനങ്ങൾക്കായുള്ള സെൻട്രൽ രജിസ്ട്രാർക്കുകീഴിൽ രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങളാണിത്. സാധാരണ സഹകരണ സ്ഥാപനങ്ങളിൽനിന്ന് വ്യത്യസ്തമായി ഒന്നിലേറെ സംസ്ഥാനങ്ങളിൽ ഇവയ്ക്ക് പ്രവർത്തിക്കാം. ഓരോ സംസ്ഥാനത്തുനിന്നും അമ്പതിൽ കുറയാത്ത അംഗങ്ങളുണ്ടായാൽ മതി. എംഎസ്സിഎസുകളിൽ നിയന്ത്രണാധികാരമില്ലെന്നു കാണിച്ച് കേന്ദ്രം ഇറക്കിയിട്ടുള്ള സർക്കുലർ ഇത്തരം സംഘങ്ങളിലെ ആയിരക്കണക്കിന് നിക്ഷേപകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
2017ൽ ഇതേ നിർദേശത്തോടെ സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ, അത് മറച്ചുവച്ചാണ് പല സംഘങ്ങളും പ്രവർത്തിച്ചുവരുന്നത്. തുടർന്ന് വീണ്ടും ഇറക്കിയ സർക്കുലർ എംഎസ്സിഎസ് ഓഫീസുകളിലും വെബ്സൈറ്റിലും പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എംഎസ്സിഎസുകൾ സ്വയംഭരണസ്ഥാപനങ്ങളാണെന്ന് സർക്കുലറിൽ പറയുന്നു. സെൻട്രൽ രജിസ്ട്രാർക്ക് ഇവയിൽ നിയന്ത്രണാധികാരമില്ല. എംഎസ്സിഎസുകളുടെ പ്രവർത്തനം വിലയിരുത്തി ഇടപാടുകൾ നടത്തേണ്ടത് അംഗങ്ങളുടെയും ഇടപാടുകാരുടെയും മാത്രം ഉത്തരവാദിത്വമാണെന്നും സർക്കുലറിൽ പറയുന്നു.
എംഎസ്സിഎസുകളിലെ വ്യാപക സാമ്പത്തികക്രമക്കേടും നിരുത്തരവാദപരമായ പ്രവർത്തനരീതികളുമാണ് പരാതിയായത്. ഇവയുടെ ആരംഭംമുതൽ പരാതികൾ ഉയരുന്നുണ്ട്. പലതും വിവിധ കോടതികളുടെ പരിഗണനയിലുമാണ്. ക്രമക്കേട് പരാതികൾ പരിശോധിച്ച് 81 എംഎസ്സിഎസുകളുടെ പ്രവർത്തനം അവസാനിപ്പിച്ചതായി കഴിഞ്ഞ ജൂലൈയിൽ കേന്ദ്രമന്ത്രി അമിത് ഷാ ലോക്സഭയെ അറിയിച്ചിരുന്നു. എന്നിട്ടും റിസർവ് ബാങ്കിനോ കേന്ദ്ര രജിസ്ട്രാർക്കോ നിയന്ത്രണാധികാരമില്ലാത്ത എംഎസ്സിഎസുകൾക്ക് കേന്ദ്രസർക്കാർ നിർബാധം അനുമതി നൽകിവരികയാണ്. കഴിഞ്ഞവർഷംമാത്രം 13 പുതിയ എംഎസ്സിഎസുകളാണ് പ്രവർത്തനം ആരംഭിച്ചത്. ഇതിൽ നാലെണ്ണം കേരളത്തിലാണ്.