തിരുവനന്തപുരം> സമൂഹത്തിൽ വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ബി സയന്റിഫിക് ബി ഹ്യൂമൻ’ മുദ്യാവാക്യമുയർത്തി ലെറ്റ്സ് ടോക്ക് എന്ന പേരിൽ 2000 കേന്ദ്രത്തിൽ ശാസ്ത്രസംവാദം നടത്തും. സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർവഹിക്കും. ജോൺ ബ്രിട്ടാസ് എംപി, പി കെ രാജശേഖരൻ, ആർ ഉണ്ണി എന്നിവർ പങ്കെടുക്കും.
ഡിവൈഎഫ്ഐയുടെ അംഗത്വ ക്യാമ്പയിൻ വ്യാഴാഴ്ച ആരംഭിക്കും. വ്യാഴാഴ്ച അംഗത്വ ദിനമായി ആചരിക്കും. ‘മതനിരപേക്ഷ ഇന്ത്യ; സർഗാത്മക യൗവനം’ എന്നതാണ് ക്യാമ്പയിന്റെ മുദ്രാവാക്യം. ഡിവൈഎഫ്ഐ നടത്തിവരുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ‘ജനകീയ കവചം’ തുടരും. നിലവിൽ 2418 ജാഗ്രതാസമിതി രൂപീകരിച്ചു. 24423 കേന്ദ്രത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. 4,38,000 പേർ പങ്കാളികളായി. സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ്, ട്രഷറർ എസ് ആർ അരുൺബാബു, കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ, ജില്ലാ പ്രസിഡന്റ് വി അനൂപ്, ട്രഷറർ വി എസ് ശ്യാമ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.