തൃശൂർ> മണ്ണുത്തി വെറ്ററിനറി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് തിളക്കമാർന്ന വിജയം. 16 ജനറൽ സീറ്റിൽ 15 സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. വലതുപക്ഷ രാഷ്ട്രീയ കക്ഷികളുടെയും സംഘടനകളുടെയും പിൻബലത്തിൽ കഴിഞ്ഞ വർഷം വിദ്യാർഥികൾക്കിടയിൽ ക്യാംപസ് അരാഷ്ട്രീയത വളർത്താൻ ശ്രമിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകുന്നതാണ് എസ്എഫ്ഐയുടെ മിന്നും വിജയം.
കഴിഞ്ഞവർഷം നഷ്ടപ്പെട്ട യുയുസി അടക്കം നാലു ജനറൽ സീറ്റുകൾ ഇത്തവണ എസ്എഫ്ഐ തിരിച്ചുപിടിച്ചു. മത്സരം നടന്ന സീറ്റുകളിൽ ഒന്നൊഴികെ മറ്റെല്ലാ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, യുയുസി അടക്കം അഞ്ചു സ്ഥാനാർഥികൾ നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിച്ച എസ്എഫ്ഐ സ്ഥാനാർഥി പി കെ അഭിറാം വിജയിച്ചത് 289 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിനാണ്. സഫ്ദർ ഷെരീഫ് (പ്രസിഡന്റ്), -ടി ആർ രാധിക (ജോയിന്റ് സെക്രട്ടറി), കെ ശ്രീലക്ഷ്മി, പി ടി മുഹമ്മദ് ദിൻഷാദ്, ഫ്രെഡി കുര്യക്കോസ് (യുയുസി-മാർ), ആസിഫ് മുഹമ്മദ് (ജനറൽ ക്യാപ്റ്റൻ-), -വൈശാഖ് മോഹൻ (ആർട്സ് ക്ലബ് സെക്രട്ടറി), -എസ് ആർ കാർത്തിക് (ലിറ്റററി ആൻഡ് ഡിബേറ്റ് ക്ലബ് സെക്രട്ടറി), പി കെ -അഷ്ന (പ്ലാനിങ് ഫോറം സെക്രട്ടറി), പി അഭിറാം (നാഷണൽ ഇന്റഗ്രേഷൻ സെക്രട്ടറി), -പി എസ് ഡെൻസിൽ മരിയ (ഹോബി സെന്റർ സെക്രട്ടറി), -അക്ഷര എസ് ചന്ദ്രൻ (സോഷ്യൽ സർവീസ് ലീഗ് സെക്രട്ടറി), -എ ആമീൻ അഹമ്മദ് (ഫിലിം ആൻഡ് ഫോട്ടോഗ്രഫി സെക്രട്ടറി) എന്നിവരാണ് എസ്എഫ്ഐ പാനലിൽ വിജയിച്ചത്.
എഡിറ്റർ സീറ്റ് മാത്രം ചെറിയ വോട്ടിനാണ് നഷ്ടപ്പെട്ടത്. 11 ക്ലാസ് പ്രതിനിധികളിൽ ഏഴെണ്ണവും എസ്എഫ്ഐ നേടി. ഇൻഡിപെൻഡന്റ് വെറ്റിക്കോസ് എന്ന പേരിൽ പല വിദ്യാർഥി സംഘടനകളും മറ്റും ചേർന്നുള്ള അവിശുദ്ധ സഖ്യത്തെയാണ് എസ്എഫ്ഐ സാരഥികൾ തോൽപ്പിച്ചത്.