തിരുവനന്തപുരം> നിയമനം, സ്ഥലം മാറ്റം എന്നിവയിൽ സംസ്ഥാനത്ത് ഉണ്ടായിരുന്ന അഴിമതി ഇല്ലാതാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം കാര്യങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമായ കാര്യമാണ്. നാടിന്റെ സുസ്ഥിരമായ വികസനത്തിന് അഴിമതിരഹിതമായ ഭരണസംവിധാനം അത്യാന്താപേക്ഷിതമാണെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. അതിന്റെ ഫലമായി അഴിമതിയെന്ന മഹാവിപത്തിനെ ഒരുപരിധി വരെ നേരിടാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് രാജ്യത്തുതന്നെ അഴിമതി ഏറ്റവും കുറഞ്ഞസംസ്ഥാനം എന്ന പദവി നേടിയെടുക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഴിമതി രഹിത കേരളം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അഴിമതി കുറഞ്ഞു എന്നതിന് അർത്ഥം എല്ലാതലങ്ങളിലും പൂർണമായി അഴിമതി തുടച്ചുനീക്കപ്പെട്ടു എന്നതല്ല. ചില സംഭവങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ചിലയിടങ്ങളിൽ നടക്കുന്നു എന്നത് നമ്മുടെ നാടിന്റെ അനുഭവമാണ്. എന്നാൽ ഒരുകാര്യം ഉറപ്പിച്ചു പറയാൻ കഴിയും നേരത്തെ വ്യാപകമായിരുന്ന ഈ വിപത്ത് വലിയരീതിയിൽ ഒഴിവാക്കാൻ കഴിഞ്ഞു. നേതൃതലങ്ങളിൽ അഴിമതി പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞു എന്നതുതന്നെയാണ് നമ്മുടെ നാടിന്റെ പ്രത്യേതകത.
വിവിധ തലങ്ങളിൽ ചിലഘട്ടങ്ങളിൽ ഉണ്ടാകുന്ന അഴിമതിക്കെതിെരെ വിട്ടുവീഴ്ചയില്ലാത്ത, കർക്കശമായ നടപടികളാണ് സ്വീകരിച്ചുപോവുന്നത്. ശക്തമായ നിയമ നടപടികൾ, നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ എന്നിവയിലൂടെയേ അഴിമതി നിർമാർജനം കഴിയുകയുള്ളൂ. അതിനായി വലിയതോതിലുള്ള ബോധവൽക്കരണ യജ്ഞം ആവശ്യമാണ്. അഴിമതിയെ തുറന്നുകാണിക്കാൻ, എതിർക്കാൻ അതിന് കൂട്ടുനിൽക്കാതിരിക്കാൻ പൂർണമായും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അഴിമതി പൂർണമായി തുടച്ച് നീക്കാൻ വിദ്യാർഥി, യുവജനങ്ങളുടെ സജീവ പങ്കാളിത്തം ആവശ്യമാണ്. ഇക്കാര്യത്തിൽ വിദ്യാർഥികൾ നല്ല രീതിയിൽ പങ്ക് വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.