പെരുമ്പാവൂർ > അധ്യാപികയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിയ്ക്കെതിരെ യൂത്ത്കോൺഗ്രസിൽ കലാപം. കോൺഗ്രസിന് അപമാനമുണ്ടാക്കിയ എം എൽ എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം മാർച്ച് നടത്താൻ തീരുമാനിച്ചെങ്കിലും കെ പി സി സി നേതാക്കൾ ഇടപെട്ട് തടഞ്ഞു. കഴിഞ്ഞ ദിവസം എം എൽ എയ്ക്ക് പിന്തുണ പ്രഖ്യപിക്കാൻ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള ഇന്ദിര ഭവനിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ യോഗം ചേരാനെത്തി.
എന്നാൽ ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ യോഗത്തിലേക്ക് ഇരച്ചുകയറി യതോടെ യോഗം പിരിച്ചുവിട്ടു. ഐ ഗ്രൂപ്പിന്റെ വാക്താവായ കുന്നപ്പിള്ളി മണ്ഡലത്തിലെ കൂവപ്പടി , ഒക്കൽ, പെരുമ്പാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ മാറ്റി സ്ഥാപിച്ചിരുന്നു. ഇതിലെ പ്രതിഷേധം കത്തി നിൽക്കുമ്പോഴാണ് എം എൽ എ ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം മറനീക്കി പുറത്തുവന്നത്. പിന്തുണ പിൻവലിച്ചവർക്ക് നന്ദിയെന്ന് എം എൽ എ യുടെ ഒളിവിലിരുന്നിട്ട പോസ്റ്റിൽ പറയുന്നത് യൂത്ത് കോൺഗ്രസിൽ പ്രതിഷേധക്കാരെ ഉദ്ദേശിച്ചാണെന്നും കോൺഗ്രസിൽ ചർച്ചയാണ്.















