തിരുവനന്തപുരം> ബസുകളിൽ പരസ്യം വിലക്കിയതിലൂടെ കെഎസ്ആർടിസിക്ക് നഷ്ടം വർഷത്തിൽ 36 കോടി. ശമ്പളം നൽകാൻ വിഷമിക്കുന്ന കോർപറേഷന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായി. കെയുആർടിസി ഉൾപ്പെടെ 3600ഓളം ബസുകളിലാണ് പരസ്യം നൽകിയിരുന്നത്. ഇതിലൂടെ മാസം മൂന്നുകോടിരൂപ ലഭിച്ചിരുന്നു. വെള്ളിയാഴ്ചയാണ് സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി ബസുകളിൽ പരസ്യം വിലക്കിയത്.
കഴിഞ്ഞവർഷം 13.5 കോടിയാണ് പരസ്യത്തിലൂടെ കെഎസ്ആർടിസിക്ക് ലഭിച്ചത്. അതിനുമുമ്പ് 1.8 കോടിയും. 2021ൽ കെഎസ്ആർടിസി മാർക്കറ്റിങ് വിഭാഗം രൂപീകരിച്ചു. പരസ്യം സ്വന്തമായി പതിക്കാനും കാലാവധി കഴിഞ്ഞ പരസ്യം ഒഴിവാക്കാനും തുടങ്ങി. ഇതിലൂടെ വരുമാനം വലിയതോതിൽ വർധിച്ചു. ഗ്രാമവണ്ടി പദ്ധതിയെയും വിധി ബാധിക്കും. ബസിൽ പരസ്യം നൽകി സ്പോൺസറെ കണ്ടെത്താനായിരുന്നു പല തദ്ദേശസ്ഥാപനവും ആലോചിച്ചത്.















