തിരുവനന്തപുരം > ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎ എവിടെയെന്നതിനെക്കുറിച്ച് വ്യത്യസ്ത മറുപടികളുമായി കോൺഗ്രസ് നേതാക്കൾ. ഒളിവിലുള്ള എംഎൽഎയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ എൽദോസിനെ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറയുന്നത്. എംഎൽഎയുമായി ഇടയ്ക്കിടെ സംസാരിക്കാറുണ്ടെന്നും ഷിയാസ് പറഞ്ഞു.
ഫോൺ ഓഫ് ചെയ്ത് ഒരു എംഎൽഎ ഒളിവിൽ പോയ സാഹചര്യമല്ലേ എന്ന വാർത്താ ചാനൽ ലേഖകന്റെ ചോദ്യത്തിന് ഞങ്ങൾ ഇടയ്ക്ക് വിളിച്ച് സംസാരിക്കുന്നുണ്ടെന്നാണ് ഷിയാസിൻ്റെ മറുപടി. എംഎൽഎയുടെ ഫോൺ പരാതിക്കാരിയായ കുട്ടിയുടെ കയ്യിലാണെന്നാണ് മനസ്സിലാക്കുന്നതെന്നും ഷിയാസ് പറഞ്ഞു.
മുന്കൂര് ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില് ഇരിക്കുന്ന സാഹചര്യത്തില് കുന്നപ്പിള്ളി ഒളിവില് പോകേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്ന് സതീശന് പറഞ്ഞു. എല്ദോസ് കുന്നപ്പിള്ളിയില്നിന്ന് കെപിസിസി വിശദീകരണം ആവശ്യപ്പെടും. അത് സ്വാഭാവിക നീതിയുടെ കാര്യമാണ്. കുന്നപ്പിള്ളിയില്നിന്ന് വിശദീകരണം ലഭിക്കുന്നതിനാണ് കാത്തിരിക്കുന്നത്. എല്ദോസ് കുന്നപ്പള്ളിയെ ബന്ധപ്പെടാന് കഴിഞ്ഞിട്ടില്ലെന്നും സതീശന് പറഞ്ഞു.
ഇത്തരം ആരോപണം നേരിടുന്ന ഒരാളെ സംരക്ഷിക്കേണ്ട ഒരു ബാധ്യതയും കെപിസിസിക്ക് ഇല്ലെന്ന് കെ സുധാകരന് പറഞ്ഞു. ഒരു ജനപ്രതിനിധിയില്നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന് പാടില്ലാത്ത കാര്യമാണ് അദ്ദേഹത്തില്നിന്ന് ഉണ്ടായത്. ഇപ്പോള് പുറത്തുവരുന്ന ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടാല് കുന്നപ്പിള്ളിയെ പാര്ട്ടിയുടെ പ്രവര്ത്തന രംഗത്തുനിന്ന് മാറ്റിനിര്ത്തുക എന്ന നടപടി എടുക്കും. അദ്ദേഹത്തെ ഫോണില് ബന്ധപ്പെടാന് സാധിച്ചില്ല. നിയമനടപടിയെ മറികടക്കാനുള്ള ശ്രമം എന്നതിലപ്പുറം മറ്റു കാരണങ്ങളൊന്നും കുന്നപ്പിള്ളി ഒളിവില് പോയതിലില്ലെന്നും സുധാകരന് പറഞ്ഞു.