വണ്ടൻമേട്> തെരഞ്ഞെടുപ്പു ഘട്ടങ്ങളിലടക്കം കാലങ്ങളായി കോൺഗ്രസും ബിജെപിയും ഒരേ മനസോടെ പ്രവർത്തിക്കുന്ന വണ്ടൻമേട്ടിൽ ഇരുകൂട്ടരുടെയും ഗാഢബന്ധം ഊട്ടിയുറപ്പിക്കുന്നതായി വ്യാഴം നടന്ന അവിശ്വാസ വോട്ടെടുപ്പ്. കോൺഗ്രസിനൊപ്പം ചേർന്ന് അവിശ്വാസപ്രമേയത്തെ പിന്തുണക്കേണ്ടതില്ലെന്നു കാട്ടി ബിജെപി ജില്ലാ നേതൃത്വം നൽകിയ വിപ്പ് പാടെ അവഗണിച്ചാണ് ബിജെപി അംഗങ്ങൾ അവിശുദ്ധ കൂട്ടുകെട്ടിന് ചുക്കാൻ പിടിച്ചത്. ബിജെപിയുടെ മൂന്ന് അംഗങ്ങളും കോൺഗ്രസിനൊപ്പം കൂടി അവിശ്വാസത്തെ അനുകൂലിച്ചു.
പരസ്പര സഹകരണത്തിന് കാൽനൂറ്റാണ്ട്
വണ്ടൻമേട്ടിലെ -കോൺഗ്രസ് ബിജെപി പരസ്പര സഹകരണത്തിന് കാൽനൂറ്റാണ്ട് പഴക്കം. ഇടമുറിയാതെ കോൺഗ്രസ് ഭരിച്ച പഞ്ചായത്താണ് വണ്ടൻമേട്. ഇക്കാലയളവിലെല്ലാം ചില വാർഡുകൾ ബിജെപിക്കായി മാറ്റിവയ്ക്കുന്ന പതിവും കോൺഗ്രസിനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും 18ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയെ നിർത്താതെ ബിജെപിയെ സഹായിച്ചു. 1, 17 ,18 വാർഡുകൾ കാലങ്ങളായി പരസ്പര ഐക്യത്തിൽ ബിജെപി നേടുകയും മറ്റു വാർഡുകളിൽ ബിജെപിയുടെ സഹായം കോൺഗ്രസ് സ്വീകരിക്കുകയും ചെയ്യുന്നത് വണ്ടൻ മേട്ടിൽ പതിവാണ്.
അഴിമതിയിൽ മുങ്ങിയ കോൺഗ്രസ് ഭരണകാലത്ത് ഇരുപാർടിളുടെയും നേതാക്കൾ ഇടപെട്ട് സാധാരണ ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ പേരിൽ ലക്ഷങ്ങൾ പാരിതോഷികം വാങ്ങുന്ന ഇടനില കച്ചവടം പതിവായിരുന്നു. ജനങ്ങൾക്ക് പഞ്ചായത്തോഫിസിൽ നേരിട്ട് സമീപിക്കാനാവാത്ത സ്ഥിതിയുണ്ടായി. അർഹമായത് ജനങ്ങൾക്ക് ലഭിക്കണമെങ്കിൽ പണവുമായി കോൺഗ്രസ് ബിജെപി നേതാക്കളെ സമീപിക്കേണ്ട അവസ്ഥയുണ്ടായി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒമ്പത് അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ എൽഡിഎഫ് അധികാരത്തിൽ വന്ന ഘട്ടത്തിൽ ആദ്യം നിർത്തലാക്കിയതും ഈ ഇടനില കച്ചവടമായിരുന്നു. ജനങ്ങൾക്ക് നേരിട്ട് ഓഫിസിൽ സമീപിക്കാവുന്ന നിലയുണ്ടായി. ഏവർക്കും വാതിൽപടി സേവനം ഉറപ്പാക്കിയതും എൽഡിഎഫ് ഭരണ സമിതിയാണ്. ഇതോടെ കോൺഗ്രസ് – ബിജെപി ഇടനിലക്കച്ചവടക്കാരുടെ വരുമാനം തന്നെ നിലച്ചിരുന്നു.
കൈമോശം വന്ന സാമ്പത്തിക ഭദ്രത തിരികെ പിടിക്കാൻ അഴിമതിക്കാർ കൂട്ടുകൂടിയപ്പോൾ എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. സാമ്പത്തിക കാര്യത്തിനായി ഒത്തുചേർന്നവർക്കായി വലിയൊരു സാമ്പത്തിക ചെലവ് തന്നെ സ്വതന്ത്രനുണ്ടായി എന്നും പറയപ്പെടുന്നു. അവിശ്വാസ പ്രമേയ വോട്ടെടുപ്പിനു മുമ്പും ശേഷവും മാധ്യമങ്ങൾക്കു പിടിതരാതെ ബിജെപി അംഗങ്ങൾ മുങ്ങിയെന്നതാണ് മറ്റൊരു യാഥാർഥ്യം.