വണ്ടൻമേട്> കോൺഗ്രസും ബിജെപിയും കൈകോർത്തതോടെ വണ്ടൻമേട് പഞ്ചായത്തിൽ എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. കോൺഗ്രസിലെ അധികാര സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിനെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച സുരേഷ് മാനങ്കേരിയുടെ നേതൃത്വത്തിൽ വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് സിബി എബ്രഹാമിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെ കോൺഗ്രസും ബിജെപിയും ഒറ്റകെട്ടായി അനുകൂലിച്ചതോടെ എട്ടിന് എതിരെ പത്ത് വോട്ടുകൾക് അവിശ്വാസ പ്രമേയം പാസ്സാവുകയായിരുന്നു.
സ്വതന്ത്രനായി വിജയിച്ച ശേഷം വീണ്ടും കോൺഗ്രസ് പാളയത്തിലേക്കെത്തിയ സുരേഷ് മാനങ്കേരിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ആറും ബിജെപിയുടെ മൂന്നും അഗങ്ങൾ ഉൾപ്പെടെ 10 പേർ ഒപ്പുവെച്ച അവിശ്വാസ പ്രമേയം കഴിഞ്ഞ 26നാണ് കട്ടപ്പന ബിഡിഒ മുമ്പാകെ നൽകിയിയത്. വ്യാഴാഴ്ച ചർച്ചക്കെടുത്ത ഘട്ടത്തിൽ പ്രമേയത്തിന് യുഡിഎഫും ബിജെപിയും നിരുപാധിക പിന്തുണയാണ് നൽകിയത്. രാവിലെ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ 18 മെമ്പർമാരും പങ്കെടുത്തു.
കട്ടപ്പന ബിഡിഓ ജോസുകുട്ടി മാത്യു വരണാധികാരി ആയിരുന്നു. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ശേഷം നടന്ന വോട്ടെടുപ്പിൽ സ്വതന്ത്ര അംഗവും യുഡിഎഫിന്റെയും ബിജെപിയുടെയും അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതോടെ ഇടതു മുന്നണിയുടെ എട്ടിനെതിരെ പത്ത് വോട്ടുകൾ ക്ക് അവിശ്വാസപ്രമേയം പാസായി. മറ്റ് നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം നടക്കുമെന്ന് വരണാധികാരി അറിയിച്ചു. അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡണ്ട് സിബി എബ്രഹാം പുറത്താക്കപ്പെട്ടതോടെ പ്രസിഡന്റിന്റെ താൽക്കാലിക ചുമതല എൽഡിഎഫിലെ തന്നെ വൈസ് പ്രസിഡന്റ് ഫിലോമിന രാജുവിന് കൈമാറി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വരുന്നതനുസരിച്ച് പുതിയ പ്രസിഡന്റിനെ പ്രത്യേക യോഗം ചേർന്ന് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും. ആകെ 18 വാർഡുകൾ ഉള്ള വണ്ടൻമേട് ഗ്രാമപഞ്ചായത്തിൽ നിലവിൽ എൽഡിഎഫിനൊപ്പം എട്ട് അംഗങ്ങളാണ് ഉള്ളത്. യുഡിഎഫിന് ആറു അംഗങ്ങളും ബിജെപിക്ക് മൂന്ന് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണ് ഉള്ളത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവന്നെങ്കിലും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ പരാജയപ്പെട്ടിരുന്നു.