കൊച്ചി> മെട്രോ രണ്ടാംഘട്ടം 28 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ. ഒരേസമയം പല ജോലികൾ നിർവഹിക്കുകയെന്ന ആശയമാണ് നടപ്പാക്കുക. പദ്ധതി ബാധിക്കുന്ന പ്രാദേശിക സമൂഹവും പദ്ധതി ആവിഷ്കരിക്കുന്നവരും തമ്മിൽ ശരിയായ ആശയവിനിമയം നടക്കണം. സമയബന്ധിതമായി പ്രവർത്തനങ്ങൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് രാംകോ സിമന്റ്സുമായി ചേർന്ന് “കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാവി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മാരിയറ്റിൽ നടന്ന പരിപാടിയിൽ എ അനിൽകുമാർ പിള്ള മോഡറേറ്ററായി. കേശവ ചന്ദ്രൻ, ജോസ് കുര്യൻ, വി സുരേഷ്, ഡോ. അനിൽ ജോസഫ്, എസ് സുരേഷ് എന്നിവർ പങ്കെടുത്തു.
നിർമാണ മേഖലയിലെ സുസ്ഥിരതയുടെ പ്രാധാന്യം, ഹരിത നിർമിതിയ്ക്ക് സാമഗ്രികൾ ലഭ്യമാകാനുള്ള ബുദ്ധിമുട്ട്, ഭാവിയിലെ അടിസ്ഥാന സൗകര്യ വികസനം, നിർമാണത്തിൽ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവ ചർച്ചയിൽ ഉയർന്നുവന്നു.