ഡോ. അജീഷ് പി ടി
കായിക കേരളത്തിൻറെ വളർച്ചാവികാസ ഘട്ടങ്ങൾ പരിശോധിക്കുമ്പോൾ പ്രഥമസ്ഥാനത്ത് ഉയർന്നുവരുന്ന നാമം ലഫ്.കേണൽ.ഗോദവർമ്മ രാജയുടേതാണ്. ഒരു രാജവംശത്തിന്റെ പിന്മുറക്കാരനാണെങ്കിലും അത്യന്തം ലാളിത്തത്തോടെ സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി രാപ്പകലില്ലാതെ പ്രയത്നിച്ച മഹദ് വ്യക്തിത്വമാണദ്ദേഹം. രാജകുടുംബത്തിന്റെ പ്രൗഡിയെല്ലാം മാറ്റിവച്ച് സംസ്ഥാനത്തിന്റെ വ്യത്യസ്ത മേഖലകളിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച് കായിക പ്രേമികളുടെ പ്രീയപ്പെട്ടവനായി പ്രവർത്തിച്ച പാരമ്പര്യം മാത്രമാണുള്ളത്.
ഇന്ത്യൻ കായിക ഭൂപടത്തിൽ കേരളത്തിന്റെ സാധ്യതയെ പരിചയപ്പെടുത്തുവാനും പ്രതിഷ്ഠിക്കുവാനും മുൻകൈയെടുത്ത അദ്ദേഹം തികഞ്ഞ സംഘാടകനായിരുന്നു. കേരളത്തിലെ കായിക പുരോഗതിക്ക് ചാലകശക്തിയായ അദ്ദേഹം കായിക കേരളത്തിന്റെ പിതാവ് എന്ന നാമധേയത്തിലാണ് അറിയപ്പെടുന്നത്. കായിക ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കും ഓർമ്മകൾക്കും കായിക പ്രേമികളുടെ മനസിൽ മരണമില്ല.അദ്ദേഹത്തോടുള്ള ആദരസൂചകമായി വിഖ്യാതനായ ആ മഹത് വ്യക്തിത്വത്തിന്റെ ജന്മദിനമായ ഒക്ടോബർ 13 കേരള കായിക ദിനമായി സർക്കാർ വിപുലമായി ആചരിച്ചുവരുന്നുണ്ട്.
രാജ്യത്തെ മറ്റിതര സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന വളർച്ചയിലേക്ക് കേരളത്തിലെ കായിക മേഖല വളർന്നതിന്റെ പിന്നിൽ വിസ്മരിക്കാനാകാത്ത കഠിന പ്രയത്നങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട് . കേരള കായിക ചരിത്രത്തിലെ പല സുപ്രധാന സംഭവവികാസങ്ങൾക്ക് കാരണ ഭൂതനായതും ജി.വി രാജയാണ്. മികച്ച ടെന്നീസ് താരം കൂടിയായ അദ്ദേഹം ഈ കളിയുടെ പ്രചാരത്തിനായി തിരുവനന്തപുരത്തെ കവടിയാർ കേന്ദ്രമായി ടെന്നീസ് ക്ലബ് സ്ഥാപിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ട്രാവൻകൂർ സ്പോർട്സ് കൗൺസിൽ രൂപീകരിച് പ്രഥമ അദ്ധ്യക്ഷനായി . കേരള പിറവിക്കുശേഷം ട്രാവൻകൂർ സ്പോർട്സ് കൗൺസിൽ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ആയി പരിവർത്തനം ചെയ്തപ്പോഴും അദ്ധ്യക്ഷ പദവിയിൽ തുടർന്ന അദ്ദേഹം കായിക അഭിവൃദ്ധിക്കായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇടപെടുന്ന എല്ലാ മേഖലകളിലും തൻ്റെതായ പ്രഗത്ഭ്യവും വ്യക്തിമുദ്രയും പതിപ്പിക്കുന്ന കേണൽ കായികതാരങ്ങളിലെ മികച്ച സംഘാടകനും സംഘാടകരിലെ മികച്ച കായികതാരവുമായാണ് അറിയപ്പെടുന്നത്.
കായിക രംഗത്തിന് പുറമേ വ്യോമയാനം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലും തൻ്റെതായ സംഭാവന നൽകിയിട്ടുണ്ട്.
ഏറെ അടുപ്പമുള്ളവർ തിരുമേനി എന്ന് സ്നേഹപൂർവം വിളിക്കുന്ന ജി.വി രാജ ടെന്നീസിനു പുറമേ ബാഡ്മിൻറെൺ, ക്രിക്കറ്റ്, ഫുട്ബോൾ, എന്നി കായിക ഇനങ്ങളിലും മികവ് പ്രകടിപ്പിച്ചിരുന്നു. സാഹസികത വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം മികച്ച ഒരു പർവ്വതാരോഹകൻ കൂടിയായിരുന്നു. സ്വിസ്റ്റ്സർലാന്റിൽ നിന്നും പർവ്വതാരോഹണത്തിൽ പ്രേത്യേക പരിശീലനം നേടിയ അദ്ദേഹം യുവാക്കൾക്ക് സാഹസിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനായുള്ള പ്രേത്യേക ഇടങ്ങളും തയാറാക്കി നൽകിയിരുന്നു.ഒരിക്കൽ ആനയുടെ ആക്രമണത്തിൽ നിന്ന് അതിസാഹസികമായി അസാമാന്യ മെയ് വഴക്കത്തോടെ തലനാരിഴക്ക് രക്ഷപ്പെട്ട സംഭാവമുണ്ടായിട്ടുണ്ട്. കായിക ശേഷിയും അപകട സന്ദർഭങ്ങളെ ധൈര്യസമേതം നേരിടുവാനുമുള്ള കരുത്തുമാണ് രക്ഷയായതെന്ന് പിന്നീടദ്ദേഹം പറഞ്ഞിരുന്നു.
വ്യത്യസ്ത കായിക ഇനങ്ങളിൽ താരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിൽ പ്രേത്യേക താത്പര്യവും നിപുണതയും പുലർത്തിയിരുന്ന അദ്ദേഹം ശംഖുമുഖത്ത് ഇൻഡോർ സ്റ്റേഡിയം,വേളി ബോട്ട് ക്ലബ്ബ്, ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം, ഫ്ളയിങ് ക്ലബ് തുടങ്ങിയവ സ്ഥാപിച്ചു. നീന്തലിൽ പ്രതിഭകളെ വളത്തിയെടുക്കുന്നതിനായി 1953 ൽ പ്രേത്യേക നീന്തൽ മത്സരം നടത്തിയതിൽ പ്രധാന സംഘാടകനുമായിരുന്നു. ക്രിക്കറ്റ് കളി അത്ര സുപരിചിതമല്ലാത്ത കേരളത്തിൽ അതിന്റെ പ്രചാരത്തിനായി തീവ്രശ്രമം നടത്തുകയും പിന്നീട് ബി.സി.സി.ഐ യുടെ വൈസ് പ്രസിഡൻറ് പദവി വരെ അലങ്കരിച്ചു.
കായികതാരങ്ങളിലെ രാജകുമാരനും രാജകുമാരന്മാരിലെ കായിക താരവുമായിരുന്ന അദ്ദേഹം 62 വയസുവരെയാണ് കായികകേരളത്തോടൊപ്പം ഉണ്ടായിരുന്നത്. 1971 ൽ ഏപ്രിൽ 30 ന് കുളു താഴ്വാരത്തിലെ മലയിടുക്കിലുണ്ടായ വിമാന ദുരന്തത്തിലാണ് കായിക മേഖലയിലെ ആഗ്രഹങ്ങൾ പൂർത്തിയാക്കുവാനാകാതെ അദ്ദേഹത്തിൻ്റെ ദേഹവിയോഗം സംഭവിച്ചത്. ബഹുമുഖ പ്രതിഭയായ അദ്ദേഹം കായിക മേഖലക്ക് പുറമെ തിരുവനന്തപുരം വിമാനത്താവള നിർമ്മാണം, കോവളം, ആക്കുളം തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ രാജ്യന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ കൈയ്യൊപ്പ് ചാർത്തി. സംസ്ഥാന കായിക ദിനത്തിൽ കായികവകുപ്പിൻ്റെ നേതൃത്വത്തിൽ മികച്ച കായികതാരങ്ങൾക്ക് ജി.വി രാജ പുരസ്കാരം വിതരണം ചെയ്യും.
കൂടാതെ മികച്ച പരിശീലകർ, കായികാധ്യാപകർ, മാധ്യമ പ്രവർത്തകർ, തുടങ്ങിയവരെയും ബഹുമതി നൽകി ആദരിക്കുന്നു. അദ്ദേഹത്തിൻ്റെ നാമധേയത്തിലാറിയപ്പെടുന്ന ജി.വി രാജ സ്പോർട്സ് സ്കൂൾ കായിക രംഗത്ത് നിരവധി നേട്ടങ്ങൾ കരസ്ഥമാക്കി മികവിൻ്റെ പാതയിലാണ്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുന്ന ഈ സ്ഥാപനത്തിൽ അത്യാധുനിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ജി.വി രാജ പവലിയൻ തയാറാക്കി കേരള സർവകലാശാലയും,അദ്ദേഹത്തിനോടുള്ള ആദരവ് പ്രകടിപ്പിച്ചു.വിനോദ സഞ്ചാരമേഖലയിൽ സർക്കാർ ഏർപ്പെടുത്തിയ ഏറ്റവും ഉന്നതമായ പുരസ്കാരവും ജി. വി രാജയുടെ പേരിലാണ് നൽകുന്നത്.
കായിക സംസ്കാരത്തിന്റെ ശക്തമായ അടിത്തറയും സ്വാധീനവും നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം.ആയോധനകലയായ കളി കളരിപ്പയറ്റ് മുതൽ നാടൻ കളികൾ വരെ പ്രോത്സാഹിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്ത പാരമ്പര്യമാണ് നമുക്കുള്ളത്. ഇത് ക്രമേണ അന്തർദേശീയ കായിക ഇനങ്ങളുടെ ചുവടുമാറ്റത്തിലേക്കും പരിശീലനത്തിലേക്ക് വഴിമാറുകയും നിരവധി കായികതാരങ്ങളുടെ ഉദയത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.രാജ്യാന്തര തലത്തിൽ കായിക നേട്ടങ്ങൾ കരസ്ഥമാക്കിയ നിരവധി മലയാളി താരങ്ങളുടെ പങ്കാളിത്തം ഉള്ളതിനാൽ ഇന്ത്യൻ കായിക ഭൂപടത്തിൽ കേരളത്തിൻറെ സ്ഥാനം ഏറെ മുമ്പിലാണ്.ഇത്തരം നേട്ടങ്ങൾ കരസ്ഥമാക്കുന്നതിന് വേണ്ടി സംസ്ഥാനം ഓരോ വർഷവും ഭീമമായ തുകയാണ് ബഡ്ജറ്റിൽ വകയിരുത്തുന്നത്.സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒരു കളിക്കളം എല്ലാ ജില്ലകളിലും മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.നിലവിൽ കായികതാരങ്ങൾക്ക് കൂടുതൽ പരിഗണന നൽകുകയും അടിസ്ഥാന സൗകര്യ വികസനം ഒരുക്കി കൊടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്തുവരുന്നുണ്ട്.
എന്നാൽ ഇക്കഴിഞ്ഞ ദിവസം ഗുജറാത്തിൽ അവസാനിച്ച ദേശീയ ഗെയിംസിൽ പങ്കെടുത്ത കേരളത്തിന്റെ പ്രകടനം അത്രകണ്ട് ഉയർന്ന നിലവാരം പുലർത്തിയില്ല എന്നുള്ളത് എടുത്തു പറയേണ്ട സംഗതിയാണ്. കേരളം ആതിഥേയത്വം വഹിച്ച 2015ലെ ദേശീയ ഗെയിംസിൽ 54 സ്വർണം ഉൾപ്പെടെ 162 മെഡലുകൾ നേടുവാൻ കേരളത്തിന് സാധിച്ചിരുന്നു.അതിനാൽ 2022 ദേശീയ ഗെയിംസിലെ മെഡൽ പട്ടികയിൽ കേരളം പിന്നോട്ട് പോകുവാൻ ഉണ്ടായ കാരണങ്ങളെ സംബന്ധിച്ച് കൃത്യമായ വിലയിരുത്തലും പ്രശ്നപരിഹാര പ്രവർത്തനങ്ങളും ഉടനടി ആസൂത്രണം ചെയ്യേണ്ടതുണ്ട്.
അടിസ്ഥാന കായിക വികസനത്തിലൂടെ ഒരു പ്രദേശത്തിൻറെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനമാണ് സർക്കാർ പൊതുവിൽ ലക്ഷ്യമിടുന്നത് .കായിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിലൂടെ മികച്ച കായിക ക്ഷമതയും ആരോഗ്യവും കൈവരിക്കുവാൻ സാധിക്കുന്നതോടൊപ്പം ജനങ്ങളുടെ ഉൽപ്പാദന പരമായ ക്ഷമതയും വർദ്ധിക്കുന്നു.
കോവിഡ് കാരണം കായിക ലോകം നിശ്ചിതകാലം നിശ്ചലമായെങ്കിലും, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട് കായിക മേളകൾ സജീവമായിരിക്കുന്നു.സ്കൂൾ തലം മുതൽ കുട്ടികളിൽ കായികാഭിരുചി വളർത്തിക്കൊണ്ടുവന്ന് നവീന കായിക സംസ്കാരം സൃഷ്ടിച്ചെടുക്കണം. കുട്ടികൾ എല്ലാ ഒഴിവുസമയങ്ങളിലും കായികപരമായ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ടുകൊണ്ട് ലഹരി ഉപയോഗം പോലുള്ള സാമൂഹ്യ വിപത്തുകളിൽ നിന്ന് മോചിതരാകേണ്ട രീതിശാസ്ത്രം വളർത്തിയെടുക്കണം. ഇതിലൂടെ ആരോഗ്യവും ഊർജ്ജസ്വലതയുമുള്ള തലമുറഉയർന്നുവരുന്നു. ‘കളികളിലൂടെ ആരോഗ്യമുള്ള പുതുതലമുറ ‘എന്ന ഉയർന്ന കാഴ്ചപ്പാടിലൂടെ ഓരോ കുട്ടിയും രാജ്യപുരോഗതിയുടെ മുതൽക്കൂട്ടാകണമെന്ന ജി.വി രാജയുടെ സങ്കൽപ്പം സാക്ഷാത്കരിക്കുന്നതിന് സംസ്ഥാന കായികദിനത്തിൽ അദ്ദേഹത്തിൻ്റെ ഓർമ്മകൾ പ്രചോദനമാകട്ടെ.
ഡോ. അജീഷ് പി ടി, റിസർച്ച് ഓഫീസർ, എസ്സിഇആർടി കേരളം
9846024102