തിരുവനന്തപുരം > 1983 സിനിമയിൽ ക്രിക്കറ്ററാകാൻ കൊതിച്ച നിവിൻ പോളിയെ ഓർമയില്ലെ. തനിക്ക് സാധിക്കാൻ കഴിയാതെ പോയത് ഒടുവിൽ മകനിലൂടെ നേടാൻ ഇറങ്ങിതിരിച്ച നിവിന്റെ രമേശന്നെ കഥാപാത്രത്തെ. അതുപോലെ നാടറിയുന്ന ഫുട്ബോളാറാകാൻ ആഗ്രഹിച്ച് കഷ്ടപ്പാടുകൾക്ക് മുന്നിൽ അത് സാധിക്കാതെ പോവുകയും പിന്നീട് മകനിലുടെ ആ സ്വപ്നം നേടിയെടുത്ത ഒരു അച്ഛനുണ്ട് തിരുവനന്തപുരത്തെ ചെങ്കൽചൂളയിൽ. പേര് മണിക്കുട്ടൻ. മകൻ ശ്രീക്കുട്ടൻ പ്രതിഭയും കഠിനാധ്വാനവും കൈമുതലാക്കി ഇടം പിടിച്ചത് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ടീമിൽ. ആ നേട്ടം മണിക്കുട്ടനും ശ്രീക്കുട്ടനുമൊപ്പം ആഘോഷിക്കുകയാണ് ഒരു നാടൊന്നാകെ.
സിനിമയിൽ നിവിൻപോളി സച്ചിൻ ഫാനെങ്കിൽ ചെങ്കൽ ചൂളയിലെ മണിക്കുട്ടൻ മറഡോണയുടെ ‘കട്ട ആരാധകൻ’. എതിരാളികളുടെ മാത്രമല്ല, കഷ്ടപ്പാടുകളുടെയും പ്രതിരോധ കോട്ട മറികടന്നായിരുന്നു മണിക്കുട്ടൻ ‘ഗോൾ വേട്ട’ നടത്തിയത്. എന്നാൽ നാടറിയുന്ന ഫുട്ബോൾ താരമാകണമെന്ന ലക്ഷ്യം ദുരിതങ്ങളുടെ ‘റെഡ് കാർഡുകൾ’ക്ക് മുന്നിൽ തകർന്നു.
ഞാൻ നന്നായി കളിക്കുമായിരുന്നു. ഫുട്ബോളായിരുന്നു ജീവൻ– മണിക്കുട്ടൻ ഓർമകളുടെ ‘കളത്തിലേക്കിറങ്ങി’. ‘‘കഷ്ടപ്പാടായിരുന്നു വീട്ടിൽ. നോക്കാൻ നിവൃത്തിയില്ലാത്തിനാൽ അമ്മ എന്നെ ശ്രീചിത്ര ഹോമിലാക്കി. നാട്ടിൽ എല്ലായിടത്തും കളിക്കാൻ പോയി. ഒത്തിരി കപ്പടിച്ചു. നല്ല കളിയാണെന്ന് എല്ലാവരും പറഞ്ഞു. ഫോർവേഡായിരുന്നു. കളി കണ്ട് എന്നെ സ്കൂൾ ടീമിലെടുത്തു. എന്നാൽ എനിക്ക് ബൂട്ടില്ലായിരുന്നു. ബൂട്ട് വാങ്ങാൻ കാശില്ല. അങ്ങിനെ ആ അവസരം നഷ്ടമായി. അന്നാണ് ഞാൻ ഉള്ളുതകർന്ന് ആദ്യമായി കരഞ്ഞത്. എന്നെ സഹായിക്കാനും കൈപിടിച്ചുയർത്താനും ആരും ഇല്ലായിരുന്നു’’- മണിക്കുട്ടന്റെ വാക്കുകളിൽ സങ്കടം നിറഞ്ഞു.
എന്നാൽ ഫുട്ബോളിനെ വിട്ടില്ല. മുതിർന്നപ്പോഴും കളി തുടർന്നു. കല്യാണം കഴിച്ച ശേഷവും ടൂർണമെന്റുകൾക്ക് പോയി. മകൻ ശ്രീക്കുട്ടൻ ജനിച്ചപ്പോൾ അവനെ താരമാക്കാൻ ആഗ്രഹിച്ചു. കളി നടക്കുന്നിടത്തെല്ലാം കൂട്ടി. ഒരു ദിവസം അവൻ എന്നോട് ആവശ്യപ്പെട്ടത് ക്രിക്കറ്റ് ബാറ്റ്. അന്ന് ഞാൻ വീണ്ടും തകർന്നു. മനസ്സിൽ കരഞ്ഞു. ബാറ്റ് വാങ്ങിക്കൊടുത്തു. പിന്നീടൊരിക്കൽ അവൻ ബൂട്ടുമായി മുന്നിലെത്തി.പിള്ളേർക്കൊപ്പം പന്ത് തട്ടുന്നത് കണ്ടപ്പോൾ കഴിവ് കണ്ട് അളിയൻ വാങ്ങിക്കൊടുത്തതായിരുന്നു അത്. അന്നാണ് വിഷമം മറന്നത്. ശ്രീക്കുട്ടനെ സെൻട്രൽ സ്റ്റേഡിയത്തിലെ ക്യാമ്പിലെത്തിച്ചു. തുടർന്ന് സ്പോർട്സ് കൗൺസിൽ സെലക്ഷൻ കിട്ടി. കളി കാര്യമായി. ബ്ലാസ്റ്റേഴ്സ് റിസർവ് ടീം പരിശീലകന്റെ ശ്രദ്ധയിൽപ്പെട്ടത് വഴിത്തിരിവ്. റിസർവ് ടീമിൽഇടം പിടിച്ചു. ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ടീമിലും. ഒത്തിരി സന്തോഷം. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇനിയും അവൻ മുന്നേറണം’’- പറഞ്ഞ് നിർത്തിയപ്പോൾ മണിക്കുട്ടന് ലോകകപ്പ് നേടിയ സന്തോഷം.
മണിക്കുട്ടന് ഇഷ്ടം മറഡോണയെ. ശ്രീക്കുട്ടന് മെസിയെ. ശ്രീദേവിയാണ് ശ്രീക്കുട്ടന്റെ അമ്മ. സഹോദരി ശ്രീക്കുട്ടി. ചെങ്കൽച്ചൂള ഇന്ന് അറിയപ്പെടുന്നത് രാജാജിനഗറെന്നാണ്. മണിക്കുട്ടൻ അറിയപ്പെടുന്നത് ബ്ലാസ്റ്റേഴ്സിലെ ശ്രീക്കുട്ടന്റെ അച്ഛനെന്നും. മണിക്കുട്ടൻ പെട്രോൾ പമ്പിലെ താൽക്കാലിക ജീവനക്കാരനാണ്. ബന്ധുക്കളും നാട്ടുകാരും ‘കട്ടസപ്പോർടുമായി’ ഇവർക്കൊപ്പമുണ്ട്.