കൊച്ചി > സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസ് നേതാക്കൾ അപകീർത്തിപ്പെടുത്തുന്നതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതി. പരാതി നൽകിയതിനു പിന്നാലെ പെരുമ്പാവൂരിലെ വനിതാ കോൺഗ്രസ് നേതാവ് വിളിച്ചു. പരാതി പിൻവലിച്ചില്ലെങ്കിൽ കേസിൽ കുടുക്കുമെന്നും ജയിലിൽ അടയ്ക്കുമെന്നുമായിരുന്നു ഭീഷണി. മുൻ പഞ്ചായത്ത് അംഗംകൂടിയായ ഇവർ എംഎൽഎയുടെ അടുത്തയാളാണ്.
കോൺഗ്രസ് നേതാക്കളുടെയടുത്ത് പരാതിയുമായി പോകില്ല. അവർ എംഎൽഎയ്ക്ക് ഒപ്പമേ നിൽക്കൂ. സ്ത്രീകളെ മോശക്കാരാക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിലും വിശ്വാസമില്ല. അദ്ദേഹത്തിന്റെകൂടി അറിവോടെയാണ് തനിക്കെതിരെ പ്രചാരണം നടക്കുന്നതെന്നും അവർ പറഞ്ഞു.
സൗഹൃദംവിട്ടശേഷവും കുന്നപ്പിള്ളി പീഡിപ്പിച്ചു
സൗഹൃദം പിരിഞ്ഞശേഷവും കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചതായി അധ്യാപിക വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തു വർഷമായി കുന്നപ്പിള്ളിയെ അറിയാം. മുൻ പിഎ വഴിയാണ് പരിചയപ്പെട്ടത്. കഴിഞ്ഞ ജൂൺ മുതൽ കൂടുതൽ അടുത്തു. മോശക്കാരനാണെന്ന് അറിഞ്ഞതോടെ സൗഹൃദം വേണ്ടെന്നുവച്ചു. അതിനുശേഷവും വീട്ടിൽഅതിക്രമിച്ചുകയറി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തു.
കഴിഞ്ഞ പതിനാലിനാണ് എംഎൽഎ കോവളത്ത് കൊണ്ടുപോയി തല്ലിയത്. മർദിക്കുന്നത് കണ്ട നാട്ടുകാരോടും വിവരമറിഞ്ഞെത്തിയ പൊലീസിനോടും ചികിത്സയ്ക്കെത്തിയ ജനറൽ ആശുപത്രിയിലും ഭാര്യയാണെന്നാണ് പറഞ്ഞത്. പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പിന്നീട് വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിൽ മർദിച്ച്, ഹണിട്രാപ്പിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ തമിഴ്നാട്ടിലേക്ക് പോയി. കന്യാകുമാരിയിൽ കടലിൽ ചാടിമരിക്കാൻ തീരുമാനിച്ചെങ്കിലും പൊലീസ് പിടിച്ച് നാഗർകോവിലിലേക്ക് ബസ് കയറ്റിവിട്ടു. പിന്നീട് മധുരയിലെത്തി. വഞ്ചിയൂരിലെ വനിതാ എസ്ഐ വിളിച്ചത് അനുസരിച്ചാണ് തിരിച്ചെത്തിയത്.
കാണാതായെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഇതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ യുവതി പറഞ്ഞു. ഉപദ്രവം തുടർന്നാൽ നിർണായക തെളിവുകൾ പുറത്തുവിടും. ലൈംഗിക പീഡനമടക്കമുള്ള കാര്യങ്ങൾ മൊഴിയിലുണ്ടോ എന്ന ചോദ്യത്തിന് രഹസ്യമൊഴിയിലെ കാര്യങ്ങൾ പുറത്തു പറയുന്നില്ലെന്നും കേസ് എടുത്തശേഷം വെളിപ്പെടുത്തുമെന്നുമായിരുന്നു മറുപടി. വിവാഹവാഗ്ദാനം നൽകിയ ശേഷമായിരുന്നോ എംഎൽഎ പീഡിപ്പിച്ചതെന്ന ചോദ്യം നിഷേധിച്ചില്ല. അതിനിടെ എംഎൽഎ നാലാംദിവസവും ഒളിവിലാണ്.