കൊല്ലം > യുഡിഎഫിൽ ചേർന്നശേഷം തുടർച്ചയായി ഉണ്ടാകുന്ന തോൽവിയും ചവറ, കുന്നത്തൂർ മണ്ഡലങ്ങളിലെ പരാജയവും സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ ഗൗരവത്തോടെ ഉൾപ്പെടുത്താത്തതിനെച്ചൊല്ലി ആർഎസ്പി സംസ്ഥാന കമ്മിറ്റിയിൽ വാഗ്വാദം.
വീഴ്ചവരുത്തിയ നേതാക്കളെ റിപ്പോർട്ടിൽ വെള്ളപൂശുകയാണെന്നും പ്രതിനിധി സമ്മേളനത്തിലെ വിവിധ കമ്മിറ്റികളിലേക്ക് ഇഷ്ടക്കാരെ സംസ്ഥാന സെക്രട്ടറി എ എ അസീസും എൻ കെ പ്രേമചന്ദ്രനും തിരുകിക്കയറ്റിയെന്നും ആക്ഷേപമുയർന്നു. 14 മുതൽ -17 വരെ കൊല്ലത്ത് ചേരുന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള പ്രവർത്തന റിപ്പോർട്ട് ചർച്ചചെയ്യാൻ ചേർന്ന കമ്മിറ്റി യോഗത്തിലായിരുന്നു തർക്കവും വാഗ്വാദവും.
ഏത് മുന്നണിയിൽനിന്നപ്പോഴാണ് ആർഎസ്പിക്ക് രാഷ്ട്രീയനേട്ടം ഉണ്ടായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് ആലപ്പുഴയിൽനിന്നുള്ള ഗോവിന്ദൻ നമ്പൂതിരി ആവശ്യപ്പെട്ടു. ഇതിന് വ്യക്തമായ മറുപടി നൽകാൻ സെക്രട്ടറി എ എ അസീസ് തയ്യാറായില്ല. യുഡിഎഫിൽ ആർഎസ്പിക്ക് തോൽവി മാത്രമാണുള്ളതെന്ന് അംഗങ്ങളിൽ പലരും ചൂണ്ടിക്കാട്ടി. ചവറയിലും കുന്നത്തൂരിലും തെരഞ്ഞെടുപ്പിൽ ചില പാർടി നേതാക്കൾ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും വിമർശനമുയർന്നു.
സംസ്ഥാന സെക്രട്ടറി മത്സരിക്കാത്തതുകൊണ്ടാണോ തെരഞ്ഞെടുപ്പു തോൽവികളെപ്പറ്റി വസ്തുതാപരമായ റിപ്പോർട്ട് ഇല്ലാത്തതെന്ന് ചവറയിൽനിന്നുള്ള സക്കീർ ഹുസൈൻ ചോദിച്ചു. ഇതിനെ മറ്റൊരു അംഗം വാഴയിൽ അസീസും പിന്തുണച്ചു. പാർടി പരിപാടിയിൽ പങ്കെടുക്കാത്തവരും സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ചുക്കാൻപിടിച്ചവരും രജിസ്ട്രേഷൻ, മിനിറ്റ്സ്, ക്രെഡൻഷ്യൽ കമ്മിറ്റികളിലുണ്ടെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. തെറ്റുപറ്റിയെങ്കിൽ തിരുത്താമെന്ന് അസീസ് പറഞ്ഞു. ഷിബു ബേബിജോണും കമ്മിറ്റിയിൽ പങ്കെടുത്തു.















