കൊച്ചി > കഴുത്തറുത്ത് കൊലപാതകം. മൃതദേഹം 56 കഷ്ണമാക്കി ബക്കറ്റിലാക്കി കുഴിച്ചിട്ടു. ഇലന്തൂരിലെ ആഭിചാരക്കൊലയുടെ ക്രൂരത വിവരിക്കുന്നതാണ് പൊലീസ് എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകാനുള്ള ദേവീപ്രീതിക്കാണ് മനുഷ്യക്കുരുതി നടത്തിയത്.
ലൈംഗിക തൊഴിലാളിയായി വന്നാൽ 15,000 രൂപ നൽകാമെന്നായിരുന്നു പത്മത്തിന് നൽകിയ വാഗ്ദാനം. എറണാകുളം ചിറ്റൂർ റോഡിൽ കൃഷ്ണ ആശുപത്രിക്കുസമീപം ലോട്ടറിക്കച്ചവടം നടത്തിയിരുന്ന പത്മത്തെ സെപ്തംബർ 26ന് രാവിലെ പത്തേകാലോടെ ഷാഫി കാറിൽക്കയറ്റി വൈകിട്ട് നാലോടെ രണ്ടാംപ്രതി ഭഗവൽസിങ്ങിന്റെയും മൂന്നാംപ്രതി ലൈലയുടെയും ഇലന്തൂരിലെ വീട്ടിലെത്തിച്ചു. ഇവിടെവച്ച് പത്മം പ്രതികളോട് പണം ആവശ്യപ്പെട്ടതോടെ തർക്കമായി. പ്രതികൾ ചേർന്ന് പ്ലാസ്റ്റിക് ചരടുകൊണ്ട് പത്മത്തിന്റെ കഴുത്തുമുറുക്കി ശ്വാസംമുട്ടിച്ച് ബോധംകെടുത്തി. ഒന്നാംപ്രതി പത്മത്തിന്റെ ജനനേന്ദ്രിയത്തിൽ കത്തി കുത്തിയിറക്കി. ഇതേ കത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. മൂന്നു പ്രതികളും ചേർന്ന് മൃതദേഹം 56 കഷ്ണമാക്കി ബക്കറ്റിലാക്കി പറമ്പിലെ കുഴിയിലിട്ട് മൂടി. രണ്ടും മൂന്നും പ്രതികൾ തെളിവ് നശിപ്പിക്കാൻ വീടിനകം വൃത്തിയാക്കി.
നീലച്ചിത്രത്തിൽ അഭിനയിച്ചാൽ 10 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം നൽകി 2022 ജൂണിലാണ് റോസിലിയെ ഇലന്തൂരിലെത്തിച്ചത്. ദൃശ്യം ചിത്രീകരിക്കാനെന്ന വ്യാജേന കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ട് വായിൽ തുണിതിരുകി പ്ലാസ്റ്റർ ഒട്ടിച്ചായിരുന്നു സമാനരീതിയിൽ കൊലപാതകം. ഭഗവൽസിങ് റോസിലിയുടെ മാറിടം അറുത്തുമാറ്റി. മൃതദേഹം കഷ്ണങ്ങളാക്കി പറമ്പിൽ കുഴിച്ചിട്ടു. മാലിന്യം കുഴിച്ചിടാനെന്നപേരിൽ പുറത്തുനിന്ന് ആളെ എത്തിച്ചാണ് പറമ്പിൽ കുഴികളൊരുക്കിയത്.
വിഷാദരോഗിയെന്ന് ലൈല; പ്രതികൾ രണ്ടാഴ്ച റിമാൻഡിൽ
പ്രതികളെ 26 വരെ എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. പ്രതികൾ സാമ്പത്തിക ഉന്നതിക്കും ഐശ്വര്യത്തിനും വേണ്ടിയാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൂടുതൽ ഇരകളുണ്ടോയെന്ന് കണ്ടെത്തണം. പ്രതികൾക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നോ എന്നും കണ്ടെത്തേണ്ടതുണ്ട്. ജാമ്യം നൽകിയാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റെന്ന് പ്രതികൾക്കുവേണ്ടി ഹാജരായ അഡ്വ. ബി എ ആളൂർ പറഞ്ഞു.
താൻ വിഷാദരോഗിയാണെന്ന് ലൈല കോടതിയെ അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകും. ബുധനാഴ്ച പ്രതികളെ കാണാൻ വൻ ജനാവലി കോടതിവളപ്പിലെത്തി. കോടതി നടപടികൾ പൂർത്തിയാക്കി പുറത്തിറക്കുന്നതിനിടെ “നരഭോജികൾ’ എന്ന് വിളിച്ച് ബഹളമായതോടെ പണിപെട്ടാണ് പൊലീസ് പ്രതികളെ ജീപ്പിലേക്ക് കയറ്റിയത്.















