മുംബൈ> ഛെല്ലൊ ഷോ ഓസ്കാറിലെത്തുമ്പോൾ ആദ്യ ഷോയ്ക്ക് കാത്തുനിൽക്കാതെ രാഹുൽ യാത്രയായി. ഇന്ത്യയുടെ ഓസ്കർ എൻട്രിയായ ഗുജറാത്തി ചിത്രം ഛെല്ലൊ ഷോ യിലെ ബാലതാരം രാഹുൽ കൊഹ്ലി (15) ആണ് അർബുദത്തിനു കീഴടങ്ങിയത്. തന്റെ ചിത്രം 14ന് റിലീസ് ചെയ്യാനിരിക്കെ കഴിഞ്ഞ രണ്ടിനാണ് മരണം. ചിത്രത്തിലെ ആറു പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ് രാഹുൽ അവതരിപ്പിക്കുന്നത്.
ഓട്ടോ ഡ്രൈവറായ അച്ഛൻ രാമു കൊഹ്ലിയുടെ പ്രതീക്ഷയായിരുന്നു രാഹുൽ. ‘ഒക്ടോബർ 14നു ശേഷം നമ്മുടെ ജീവിതം മാറുമെന്ന് അവൻ പറയാറുണ്ടായിരുന്നു. എന്നാൽ, അതിനുമുമ്പ് ഞങ്ങളെ വിട്ടുപോയി. ഞങ്ങളുടെ കുടുംബമാകെ തകർന്നിരിക്കുകയാണ്. എന്നാലും റിലീസ് ദിനത്തിൽ ചിത്രം കാണും’- രാമു കൊഹ്ലി പറഞ്ഞു. ചികിത്സയ്ക്കായി രാമു തന്റെ ഓട്ടോറിക്ഷയും വിറ്റു. എന്നാൽ, സിനിമയുടെ അണിയറപ്രവർത്തകർ അറിഞ്ഞപ്പോൾ തിരികെ വാങ്ങിനൽകി.
ആഴ്ചകളോളം തങ്ങൾ രാഹുലിനെ നോക്കി കുടുംബത്തിനൊപ്പം ഉണ്ടായിരുന്നെങ്കിലും അവനെ രക്ഷിക്കാനായില്ലെന്ന് സംവിധായകൻ പാൻ നളിൻ പറഞ്ഞു. ജാംനഗറിലെ ഹപ ഗ്രാമത്തിൽ മരണാനന്തര ചടങ്ങ് നടന്നു.