തിരുവനന്തപുരം > കെ കെ കൊച്ചിനെതിരെ ദളിത് പരിസ്ഥിതിവാദികളായി ചമഞ്ഞ ബ്രാഹ്മണിസ്റ്റുകൾ നടത്തുന്ന സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ. ചില മഴവിൽ ബ്രാഹ്മണിസ്റ്റുകൾ അദ്ദേഹത്തെ ദളിത് പരിസ്ഥിതിവാദവും ജനകീയപ്രശ്നങ്ങളും പഠിപ്പിക്കാൻ ഒരുമ്പെടുന്നുണ്ട്. മാർപ്പാപ്പയെ കുർബ്ബാന പഠിപ്പിക്കുന്നതു പോലെയാണതെന്നും അശോകൻ ചരുവിൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അശോകൻ ചരുവിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
കെ കെ കൊച്ചിനെതിരെ ദളിത് പരിസ്ഥിതിവാദികളായി ചമഞ്ഞ ബ്രാഹ്മണിസ്റ്റുകൾ നവമാധ്യമങ്ങളിൽ ആക്രോശിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ ഒരു എഫ് ബി പോസ്റ്റ് ഷെയർ ചെയ്തതിൻ്റെ പേരിൽ ഈ ലേഖകനു നേരെയും ആക്രമണമുണ്ട്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സാമൂഹ്യപ്രവർത്തക ദയാബായി നടത്തുന്ന നിരാഹാരസമരത്തെ വിലയിരുത്തി എഴുതി എന്നതാണത്രെ കെ.കെ.കൊച്ച് ചെയ്ത കുറ്റം. അദ്ദേഹം കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ആരോഗ്യപ്രശ്നത്തെ അവഗണിച്ചു എന്നും ദയാബായിയെ അപമാനിച്ചു (“ആയമ്മ”) എന്നും വ്യാഖ്യാനിക്കാൻ ശ്രമമുണ്ട്.
ഏതാണ്ട് 2000 മുതൽ കേരളത്തിൻ്റെ മനസ്സാക്ഷിയിൽ നീറി കൊണ്ടിരിക്കുന്ന ഒരു ജീവൽപ്രശ്നമാണ് കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടേത്. മാരകമായ ഒരു കീടനാശിനി സർക്കാരിൻ്റെ കൃഷിവകുപ്പാണ് പറങ്കിമാവിൻ തോട്ടങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് തെളിച്ചത്. മണ്ണിലും ജലാശയങ്ങളിലും കലർന്ന ആ മാരകമായ വിഷം പിന്നീട് അവിടെ ജനിച്ച കുഞ്ഞുങ്ങളിൽ ശാരീരികമായ വൈകല്യമുണ്ടാക്കി. 1998 മുതൽ ജനങ്ങളുടെ പ്രതിഷേധമുണ്ടായിരുന്നു.
2010 ഒക്ടോബറിലെ ജനീവ സമ്മേളനത്തിൽ ഇന്ത്യയിലെ അന്നത്തെ കോൺഗ്രസ് സർക്കാർ (മൻമോഹൻ സിംഗ്) എൻഡോസൾഫാൻ വിഷത്തെ പിന്തുണക്കുകയാണുണ്ടായത്. രാജ്യത്തെ യുവാക്കളുടെ പ്രധാന സംഘടനയായ ഡി.വൈ.എഫ്.ഐ. സുപ്രീം കോടതിയിൽ അന്യായം ഫയൽ ചെയ്തു നടത്തിയ ധീരമായ നിയമപ്പോരാട്ടത്തെ തുടർന്ന് 2011 സെപ്തമ്പർ 30നുണ്ടായ അന്തിമ വിധിയിലാണ് എൻഡോസൾഫാൻ എന്ന മാരക വിഷത്തിൻ്റെ ഉൽപ്പാദനവും വിതരണവും ഉപയോഗവും നിരോധിച്ചത്.
വിഷബാധയാൽ വൈകല്യവും രോഗങ്ങളും ബാധിച്ച മുഴുവൻ മനുഷ്യരേയും സൗജന്യമായി ചികത്സിക്കാനും അവർക്ക് ജീവിത സംരക്ഷണം നൽകാനും സർക്കാരിനു ബാധ്യതയുണ്ട്. അതിനുള്ള നിരവധി പരിപാടികൾ നടക്കുന്നു. ആ രംഗത്ത് പരിമിതികൾ ഉണ്ടെങ്കിൽ പരിഹരിക്കണം. അക്കാര്യത്തോടൊന്നും ഒരു വിയോജിപ്പും കെ.കെ.കൊച്ച് തൻ്റെ പോസ്റ്റിൽ പ്രകടിപ്പിച്ചിട്ടില്ല.
എന്നാൽ എൻഡോസൾഫാൻ ഇരകളുടെ ചിലവിൽ ദയാബായിയെ മുൻനിർത്തിക്കൊണ്ട് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന രാഷ്ട്രീയ നാടകത്തെ അദ്ദേഹം കൃത്യമായി അപഗ്രഥിച്ചു. നടീനടന്മാരിൽ പലരുടേയും മുഖമൂടി അഴിഞ്ഞു പോയി. അതിൻ്റെ ഭാഗമായ ആക്രമണമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ നടക്കുന്നത്.
ഇടതുപക്ഷ സർക്കാരിൻ്റെ സ്ഥാനമാനങ്ങളും പുരസ്കാരവും മോഹിച്ചാണ് കെ.കെ.കൊച്ച് തിരുവനന്തപുരത്തെ സമരത്തെ വിമർശിക്കുന്നത് എന്ന് ചില അമൂൽ ബേബികൾ കണ്ടെത്തിയിരിക്കുന്നു! ചില മഴവിൽ ബ്രാഹ്മണിസ്റ്റുകൾ അദ്ദേഹത്തെ ദളിത് പരിസ്ഥിതിവാദവും ജനകീയപ്രശ്നങ്ങളും പഠിപ്പിക്കാൻ ഒരുമ്പെടുന്നുണ്ട്. മാർപ്പാപ്പയെ കുർബ്ബാന പഠിപ്പിക്കുന്നതു പോലെയാണത്.
ഏതാണ്ട് 1980കൾ മുതൽ ഞാൻ കെ.കെ. കൊച്ചിനെ വായിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഞങ്ങൾ തമ്മിൽ സൗഹൃദമുണ്ട്. ആശയസംവാദമുണ്ട്. അദ്ദേഹത്തിൻ്റെ എല്ലാ നിഗമനങ്ങളോടും യോജിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഒരു കാര്യം ബോധ്യമുണ്ട്. തികഞ്ഞ ആത്മാർത്ഥതയോടെയും സ്വയം ബോധ്യത്തിൻ്റെ വെളിച്ചത്തിലും മാത്രമേ അദ്ദേഹം സാമൂഹ്യപ്രശ്നങ്ങൾ അപഗ്രഥിച്ചിട്ടുള്ളു. അങ്ങനെ മാത്രമേ ജീവിച്ചിട്ടുള്ളു.
സഖാവ് പി കെ ചാത്തൻ മാസ്റ്റർക്കു ശേഷം ഒരു വ്യക്തി എന്ന നിലയിൽ കേരളത്തിലെ ദളിത് ജീവിതത്തിനും സംസ്കാരത്തിനും ഏറ്റവുമേറെ പിന്തുണ ലഭിച്ചിട്ടുള്ളത് കെ കെ കൊച്ചിൽ നിന്നാണ്. കേരളത്തിൽ ദളിത് ജീവിതം ഇന്ന് ധൈഷണികമായ സമരോത്സുകതയിൽ ഉറച്ചു നിന്ന് തല കുനിക്കാതെ മുന്നിൽ നിൽക്കുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണമായത് കെ കെ കൊച്ചിൻ്റെ കയ്യിലെ പേനയാണ്. ചരിത്രവും വസ്തുതയുമറിയാത്ത സിപിഐ എം വിരോധം മാത്രം കൈമുതലുള്ള നിഷ്ക്കളങ്ക ശിശുക്കൾ കെ കെ കൊച്ചിനെതിരെ നടത്തുന്ന ഇന്നത്തെ സൈബർ ആക്രമണം അവസാനിപ്പിക്കണം.















