തിരുവനന്തപുരം > ടൂറിസ്റ്റ് ബസുകൾക്ക് ചൊവ്വാഴ്ച മുതൽ ഏകീകൃത കളർകോഡ് നിർബന്ധമാക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. കളർകോഡ് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. ജൂണിലാണ് ഏകീകൃതനിറം നിലവിൽവന്നത്. വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിൽ(ഇസിയു) അനധികൃതമായി മാറ്റം വരുത്തിയതായി മോട്ടോർ കണ്ടെത്തിയിട്ടുണ്ട്.
ഇതിന് കൂട്ടുനിന്ന വാഹന ഡീലർ, വർക്ക്ഷോപ്പ് ജീവനക്കാർ എന്നിവരിൽ ആരാണെന്ന് അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കുന്നതിന് പൊലീസിൽ പരാതി നൽകാൻ പാലക്കാട് എൻഫോഴ്സ്മെന്റ് ആർടിഒയെ ചുമതലപ്പെടുത്തി. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള പരിശോധന തുടരും.
വാഹനങ്ങളിൽ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 5000 രൂപയിൽനിന്നും ഒരു രൂപമാറ്റത്തിന് 10,000 രൂപ വീതമായി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവരും പങ്കെടുത്തു.