കൊച്ചി > സാധാരണക്കാർക്കുവേണ്ടിയുള്ള വികസനമാണ് കേരളത്തിലുള്ളതെന്ന് കേന്ദ്രസർക്കാരിന്റെ നഗരാസൂത്രണ ഉന്നതതലസമിതി ചെയർമാൻ കേശവ് വർമ. തദ്ദേശസ്ഥാപനങ്ങൾ ഇന്ത്യയുടെ മറ്റേത് പ്രദേശത്തേക്കാളും നല്ലരീതിയിലാണ് ഇവിടെ പ്രവർത്തിക്കുന്നത്. തദ്ദേശസ്വയംഭരണത്തെപ്പറ്റിയുള്ള ഭരണഘടനാ ഭേദഗതികൾ കേരളം ഗൗരവമായെടുത്ത് പ്രാവർത്തികമാക്കിയതാണ് ഇതിനു കാരണം. കൊച്ചിയിൽ നടന്ന നഗരവികസന സെമിനാർ ‘ബോധി 2022’ന്റെ സമാപനദിവസം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരന്നു വർമ.
തുറമുഖ നഗരമായ കൊച്ചിക്ക് വളരെ വലിയ ചരിത്രമുണ്ട്. ഇതിനൊപ്പം വലിയ സാധ്യതകളുമുണ്ട്. ഇത് പൂർണമായി ഉപയോഗപ്പെടുത്താൻ വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം. ആഗോളനഗരങ്ങൾക്കൊപ്പം വളരാൻ കൊച്ചിക്കും അവസരം വന്നിരിക്കുകയാണ്. ഇതിനുള്ള സാമ്പത്തിക സമാഹരണത്തിന് പരമ്പരാഗത രീതികളല്ലാത്ത മാർഗങ്ങൾ വേണം. കൊച്ചിയുടെ കാര്യത്തിൽ അന്താരാഷ്ട്ര ബോണ്ടുകൾ തന്നെ പരിഗണിക്കാവുന്നതാണ്. വിദേശ മലയാളികൾ അധികവും ഇതിൽ നിക്ഷേപിക്കും. മുനിസിപ്പൽ ബോണ്ടിന്റെ സാധ്യതകളും ഉപയോഗപ്പെടുത്താം. ഇന്ത്യയിലെ പല നഗരങ്ങളും മുനിസിപ്പൽ ബോണ്ടുകൾ ഉപയോഗിച്ച് വികസനപദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
കൊച്ചിയുടെ സാമ്പത്തിക ഭൂമിശാസ്ത്രം ഏറെ പ്രധാനപ്പെട്ടതാണ്. ഇതു കണക്കിലെടുത്ത് വികസനത്തിന് വേഗം പകരുന്നതിന് ഫ്ളോർ ഏരിയ റേഷ്യോയിൽ (എഫ്എആർ) പരിഷ്കാരങ്ങൾ വരുത്തുന്നതും ലാൻഡ് പൂളിങ് സംവിധാനവും പരിഗണിക്കാവുന്നതാണ്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി കൊച്ചിയെ മാറ്റിയെടുക്കണം. ബോധി 2022 തനിക്ക് മികച്ച പഠനപ്രക്രിയയായിരുന്നെന്നും കേശവ് വർമ പറഞ്ഞു.