കാസർകോട്> ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് തുള്ളുന്നവരോ കുഴിയിൽ വീഴുന്നവരോ അല്ല ഇടതുപക്ഷ മന്ത്രിമാരെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പള്ളിക്കരയിൽ ബേക്കൽ ടൂറിസം സെന്റർ ഉദ്ഘാടന വേദിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ആക്ഷേപത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
പരിപാടിക്കായി നേരത്തെയെത്തിയ എംപി, ഉദ്ഘാടനം വൈകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചില്ലെന്നു പറഞ്ഞ് സദസ്സിലിരുന്ന് ബഹളമുണ്ടാക്കി. മന്ത്രി സമാധാനിപ്പിച്ച് വേദിയിൽ കൊണ്ടിരുത്തി. പരിപാടി വൈകുമെന്ന് ഉദ്യോഗസ്ഥർ എംപിയെ അറിയിക്കണമായിരുന്നുവെന്നും ഇനി ആവർത്തിക്കരുതെന്നും റിയാസ് ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. തുടർന്ന് സംസാരിച്ചപ്പോഴാണ് അവതാരങ്ങളായ ഉദ്യോഗസ്ഥർ മന്ത്രിമാരെ വഷളാക്കുന്നുവെന്ന് ഉണ്ണിത്താൻ ആക്ഷേപിച്ചത്. മന്ത്രിയുടെ മറുപടി ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.















