ബേക്കൽ (കാസർകോട്)> പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിന്റെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന യുവജനക്ഷേമ ബോർഡ് തച്ചങ്ങാട് ബിആർഡിസി ബേക്കൽ കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച ട്രാൻസ്ജെൻഡേഴ്സ് ശാക്തീകരണ പദ്ധതി ക്യാമ്പ്– മാരിവില്ല് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രാൻസ്ജെൻഡേഴ്സിനെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനത്തിന് അവരെ പ്രാപ്തരാക്കുക എന്നത് സർക്കാറിന്റെ ലക്ഷ്യമാണ്. ഈ ക്യാമ്പ് ഇതിനു സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ യുവജനകേന്ദ്രം, മാരിവിൽ ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ, ടി ടി ജിസ്മോൻ, എസ് കവിത, സന്തോഷ് കാല, എം പി ഷെനിൻ, ഷെരിഫ് പാലോളി, പി എം ഷബീറലി, എസ് ദീപു, ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഇഷ കിഷോർ, മൗവ്വൽ കുഞ്ഞബ്ദുള്ള, എ മണികണ്ഠൻ, പി സി ഷിലാസ്, എ വി ശിവപ്രസാദ് എന്നിവർ സംസാരിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് സ്വാഗതവും ദിപു പ്രേംനാഥ് നന്ദിയും പറഞ്ഞു.
ഡോ. കെ വി സജിത ആയുർവേദ ഉൽപ്പന്നങ്ങളായ സോപ്പ്, ഷാംപു എന്നിവയുടെ നിർമാണത്തിൽ പരിശീലനം നൽകി. ഡോ. എ എൻ മുസ്തഫ പ്രഭാഷണം നടത്തി. കലാപരിപാടിയും അരങ്ങേറി. നിർമൽ കുമാർ കാടകമാണ് ക്യാമ്പ് ഡയറക്ടർ. തിങ്കളാഴ്ച സമാപിക്കും.















