കൊച്ചി
പതിനായിരങ്ങൾക്കുമുന്നിൽ രണ്ട് നക്ഷത്രങ്ങൾ വിടർന്നു. ഇവാൻ കലിയുഷ്നിയും അഡ്രിയാൻ ലൂണയും. കാത്തിരുന്ന കണ്ണുകൾക്ക് കൊച്ചിയിൽ അവർ ആവേശക്കാഴ്ചയൊരുക്കി. ഐഎസ്എൽ ഫുട്ബോൾ ഒമ്പതാംപതിപ്പിന്റെ ആദ്യകളിയിൽ കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെതിരെ 3–-1ന്റെ ജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. കലിയുഷ്നി രണ്ടെണ്ണം തൊടുത്തപ്പോൾ മറ്റൊന്നിൽ ലൂണ മുദ്രചാർത്തി. പകരക്കാരനായെത്തി, ഏഴ് മിനിറ്റിനിടെ രണ്ട് ഗോൾ നേടിയ കലിയുഷ്നിയായിരുന്നു താരം.
ഇടവേളയ്ക്കുശേഷം സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തിയ കാണികൾക്ക് ആഘോഷിക്കാനുള്ളതെല്ലാം കോച്ച് ഇവാൻ വുകോമനോവിച്ചും സംഘവും നൽകി. മുന്നേറ്റത്തിൽ രണ്ട് വിദേശതാരങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങിയത്. ഈ സീസണിൽ ടീമിന്റെ ഭാഗമായ ദിമിത്രിയോസ് ഡയമന്റകോസും അപോസ്തൊലോസ് ജിയാനുവും. മധ്യനിരയിൽ ലൂണയ്ക്കായിരുന്നു ചുമതല.
ഗോളിലേക്കുള്ള ആദ്യനീക്കം ബ്ലാസ്റ്റേഴ്സിൽനിന്നായിരുന്നു. പുയ്ട്ടിയയുടെ കോർണർ ഒഴിഞ്ഞുനിന്ന ലെസ്കോവിച്ചിലേക്ക്. പക്ഷേ, ലെസ്കോവിച്ചിന്റെ അടിക്ക് കൃത്യതയുണ്ടായില്ല. പന്ത് പുറത്തേക്ക്. പിന്നാലെ ഈസ്റ്റ് ബംഗാൾ പന്ത് നിയന്ത്രണത്തിലാക്കി. ലിമ മധ്യനിരയിൽ മിന്നി. വലതുഭാഗത്ത് അപകടകരമായ നീക്കം. തടയിടാൻ കർണെയ്റോ ശ്രമിച്ചെങ്കിലും ലിമയെ പിടിക്കാനായില്ല. വിടവുനോക്കി ലിമയുടെ ഷോട്ട്. വലയുടെ ഇടതുമൂല ലക്ഷ്യമാക്കി കുതിച്ച പന്ത് പ്രഭ്സുഖൻ ഒറ്റച്ചാട്ടത്തിലൂടെ തട്ടിയകറ്റി. കളി പുരോഗമിക്കുംതോറും ഈസ്റ്റ് ബംഗാളിന്റെ ആക്രമണവീര്യം കുറഞ്ഞു. മറുവശത്ത് ബ്ലാസ്റ്റേഴ്സ് ആഞ്ഞുശ്രമിച്ചു. ആദ്യപകുതിയുടെ അവസാനഘട്ടത്തിൽ ലൂണയുടെ ഫ്രീകിക്ക് ഗോൾകീപ്പർ കമൽജിത് സിങ് കുത്തിയകറ്റി.
രണ്ടാംപകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി കൃത്യമായിരുന്നു. ചെറുതായി ഉലയാൻ തുടങ്ങുന്ന ഈസ്റ്റ് ബംഗാൾ പ്രതിരോധത്തെ നിരന്തര ആക്രമണങ്ങൾകൊണ്ട് തളർത്തുക. മധ്യനിരയിൽ പുയ്ട്ടിയയും ലൂണയും താളം കണ്ടെത്തി. ഒന്നൊന്നായി ആക്രമണങ്ങൾ നെയ്തു. വശങ്ങളിലൂടെ കർണെയ്റോയും ഖബ്രയും കയറിയിറങ്ങി. സുവർണാവസരം ജിയാനുവിനായിരുന്നു. ഗോൾമുഖത്തുനിന്നുള്ള ഓസ്ട്രേലിയക്കാരന്റെ ഷോട്ട് കമൽജിത് നെടുനീളൻ ചാട്ടത്തിലൂടെ പുറത്തേക്കുതട്ടി. ലൂണയെയും കമൽജിത് തടഞ്ഞു. മുന്നേറ്റത്തിൽ പക്ഷേ, മൂർച്ചയുണ്ടായില്ല. അർധാവസരങ്ങളിലേക്ക് പറന്നിറങ്ങാൻ ജിയാനുവിനും ഡയമന്റാകോസിനും കഴിഞ്ഞില്ല.
മറുവശത്ത് ഈസ്റ്റ് ബംഗാളിന്റെ ആക്രമണങ്ങൾ പകുതിയിൽനിന്നു. കളിയുടെ 70–-ാംമിനിറ്റിൽ സഹലിനുപകരം കെ പി രാഹുൽ കളത്തിലെത്തി. തൊട്ടടുത്ത നിമിഷത്തിലായിരുന്നു ഗോളിന്റെ മേളം. കർണെയ്റോയുടെ ത്രോയിൽനിന്നായിരുന്നു തുടക്കം. മധ്യവരയ്ക്ക് തൊട്ടുമുന്നിൽനിന്നുള്ള ഖബ്രയുടെ ഒന്നാന്തരം ലോങ് ക്രോസ്. പന്തിന്റെ ഗതി മനസ്സിലാക്കി ലൂണ മുന്നിലേക്കോടി. പോസ്റ്റിന്റെ ഇടതുഭാഗത്ത് പന്തിറങ്ങുംമുമ്പ് ലൂണ കാത്തുനിന്നു. പ്രതിരോധം ഇടപെടുംമുമ്പ് ലൂണ പന്തിനെ തൊട്ടു. മുകൾ പോസ്റ്റിൽ തൊട്ട് പന്ത് താഴേക്ക് ഉതിരുമ്പോൾ ഗോളി കാഴ്ചക്കാരനായി നോക്കിനിന്നു.
ബ്ലാസ്റ്റേഴ്സിന്റെ ആക്രമണതോത് കാണികളുടെ ഹൃദയതാളത്തിനൊപ്പം ഉയർന്നു. മനോഹര നീക്കങ്ങളുമായി അവർ പൂർണമായും കളിപിടിച്ചു. ഇതിനിടെ അലെക്സ് ലിമയിലൂടെ ഈസ്റ്റ് ബംഗാൾ ഒരെണ്ണം മടക്കിയതൊന്നും അറിഞ്ഞില്ല. തൊട്ടടുത്തനിമിഷം കലിയുഷ്നിയുടെ തകർപ്പൻ ഗോൾ കൊണ്ടായിരുന്നു മറുപടി. ലൂണ തൊടുത്ത ഷോട്ട് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ബോക്സിന് പുറത്തുനിന്ന് വെടിച്ചില്ല് വേഗത്തിൽ തിരിച്ചെത്തിയ പന്ത് വലയിലേക്ക് തുളഞ്ഞു. ഏഴ് മിനിറ്റിനിടെ കലിയുഷ്നിയുടെ രണ്ടാംഗോൾ. തുടർന്നും നിരവധി ഷോട്ടുകൾ. കമൽജിത് തടഞ്ഞു. 16ന് എടികെ മോഹൻ ബഗാനുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയാണ് വേദി.
കലിയുഷ്നി കലക്കി !
പകരക്കാരനായി ഇവാൻ കലിയുഷ്നി കളത്തിലെത്തിയത് കാലിൽ വെടിയുണ്ട നിറച്ചായിരുന്നു. തൊടുമ്പോൾ ഒന്നും തൊടുക്കുമ്പോൾ ആയിരവുമായി അതുമാറി. ആദ്യ പതിനൊന്നിൽ ഉൾപ്പെടുമെന്ന് കരുതിയ ഈ ഉക്രയ്ൻ താരം കളിയുടെ അവസാനഘട്ടത്തിലാണ് കളത്തിലെത്തിയത്. ജിയാനുവിനുപകരമെത്തി. നിറഞ്ഞ കൈയടികളോടെയായിരുന്നു വരവ്. 82–-ാംമിനിറ്റിൽ മധ്യവരയ്ക്ക് തൊട്ടുപിന്നിൽനിന്ന് ബിദ്യാസാഗർ സിങ് നൽകിയ പന്തുമായി ഒരു കുതിപ്പ്. ഇടതുവശത്തിലൂടെ തുടങ്ങി, പിന്നെ തടയാനെത്തിയ ഈസ്റ്റ് ബംഗാൾ പ്രതിരോധത്തെ ഒന്നൊന്നായി മറികടന്ന് ബോക്സിലേക്ക്. രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ മിന്നുന്ന ഷോട്ട്. സ്റ്റേഡിയം പൊട്ടിത്തെറിച്ചു.
രണ്ടാമത്തേതും മനോഹരമായിരുന്നു. ഇക്കുറി കോർണറിൽ തട്ടിത്തെറിച്ച പന്ത് ബോക്സിന് പുറത്തുനിന്നുള്ള കരുത്തുറ്റ ഷോട്ട്. കളിക്കാനിറങ്ങിയ 20 മിനിറ്റുകൊണ്ടുതന്നെ ഇരുപത്തിനാലുകാരൻ കളം ഭരിച്ചു. ഉക്രയ്ൻ ക്ലബ് ഉലെക്സാൻഡ്രിയയിൽനിന്നാണ് ഈ സെന്റർ മിഡ്ഫീൽഡർ ബ്ലാസ്റ്റേഴ്സിലെത്തിയത്.
ഇരട്ടഗോൾ നേടിയ ഇവാൻ കലിയുഷ്നിയുടെ ആഹ്ലാദം /ഫോട്ടോ: മനു വിശ്വനാഥ്