തലശേരി > കനത്ത മഴയിലും വിദ്യാർഥികളെ ബസ്സിൽ കയറ്റാതെ പുറത്ത് നിർത്തി സ്വകാര്യബസ് ജീവനക്കാർ. കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരാണ് വ്യാഴാഴ്ച രാവിലെ വിദ്യാർഥികളെ ബസ്സിൽ കയറ്റാതെ മഴയത്ത് നിർത്തിയത്.
തലശേരി പുതിയബസ്സ്റ്റാന്റിൽ വിദ്യാർഥികൾ ബസിന്റെ വാതിലിന് മുന്നിൽ മഴകൊണ്ട് നിൽകുന്ന ദൃശ്യം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമുയർന്നു. എസ്എഫ്ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡിലേക്ക് മാർച്ച് നടത്തി. പരാതിയിൽ തലശേരി പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തു. മോട്ടോര് വാഹന വകുപ്പ് ബസ് ജീവനക്കാര്ക്ക് പിഴ ചുമത്തി. ലൈസൻസ് റദ്ദ്ചെയ്യാനുള്ള നടപടിയുടെ ഭാഗമായി ഡ്രൈവറോടും കണ്ടക്ടറോടും തിങ്കളാഴ്ച ഹാജരാകാൻ നിർദേശിച്ചതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
തലശേരി പുതിയ ബസ് സ്റ്റാന്ഡില് ബസ്സിൽ കയറ്റാതെ വിദ്യാർഥികളെ മഴയത്ത് നിർത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ അഡ്വ കെ വി മനോജ്കുമാർ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതിനിടെ എസ്എഫ്ഐക്കാരുടെ ദേഹത്ത് കൂടി ബസ് കയറ്റണമെന്ന സ്വകാര്യബസ് ജീവനക്കാരന്റെ ഭീഷണി സന്ദേശവും പുറത്തുവന്നു. പുതിയ ബസ് സ്റ്റാന്ഡില് പൊലീസ് നിരീക്ഷണം ശക്തമാക്കി. കടുത്ത നടപടിയുമായി പൊലീസും മോട്ടോർ വാഹനവകുപ്പും രംഗത്തുണ്ട്. ബസ്സ്റ്റാന്റിൽ മഴയും വെയിലുമേറ്റ് ബസ് ജീവനക്കാരുടെ ദയാവായ്പിന് വാതിൽപടിയിൽ വിദ്യാർഥികൾ കാത്തുനിൽകാൻ തുടങ്ങിയിട്ട് ഏറെ കാലമായി.