തൃശൂർ
ലഹരിക്കെതിരെ പൊതുസമൂഹം അതീവ ജാഗ്രതയോടെ കൈകോർക്കണമെന്ന് തൃശൂരിൽ ചേർന്ന ബാലസംഘം ആറാമത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കുട്ടികളിലെ ചിന്താശേഷിയും സർഗാത്മകതയും തകർക്കുന്ന മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം വ്യാപകമാകുകയാണ്. ഇതുകൂടാതെ, കേട്ടുകേൾവിയില്ലാത്ത ലഹരി മരുന്നുകളും രാജ്യത്ത് പ്രൈമറി ക്ലാസുകൾമുതൽ പ്രായഭേദമന്യേ കുട്ടികളിൽ എത്തിക്കൊണ്ടിരിക്കുന്നു.
ഇത് കുട്ടികളുടെ ബോധമനസ്സിന്റെ താളം തെറ്റിക്കുകയും പുത്തൻ ചിന്താശേഷിക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്നു. കൂടാതെ ലഹരി മരുന്നുകളുടെ അമിത ഉപയോഗം പല കുറ്റകൃത്യങ്ങളിലേക്കും കുട്ടികളെ പ്രേരിപ്പിക്കുന്നതും നമുക്ക് കാണാം. ഇതിനെതിരെ പൊതുസമൂഹം ഉണരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം അടിയന്തരമായി തള്ളിക്കളയണമെന്ന് സമ്മേളനം ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. ഒരു ചർച്ചയും കൂടാതെ ജനാധിപത്യവിരുദ്ധമായി നടപ്പാക്കാനൊരുങ്ങുന്ന വിദ്യാഭ്യാനനയം കുട്ടികളുടെ ഭാവിയെ അപകടത്തിലാക്കുന്നതും രാജ്യത്തിന്റെ അഖണ്ഡതയ്ക്കുതന്നെ കോട്ടം തട്ടുന്നതുമാണ്.
അതേസമയം, പുതിയ പാഠ്യപദ്ധതി രൂപീകരണത്തിൽ കുട്ടികളുടെ അഭിപ്രായംകൂടി പരിഗണിക്കാൻ തീരുമാനിച്ച കേരള സർക്കാരിന്റെ തീരുമാനം സമ്മേളനം സ്വാഗതം ചെയ്തു.