തിരുവനന്തപുരം
പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയതലത്തിൽ പുതിയ പ്രതിപക്ഷ ഐക്യനിര ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത നഷ്ടം പരിഹരിക്കേണ്ടതുമുണ്ട്. അതിനുള്ള യോജിച്ച പ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ട്രസ്റ്റും സംഘടിപ്പിച്ച മുഖാമുഖത്തിൽ കാനം പറഞ്ഞു.
മതാടിസ്ഥാനത്തിനുള്ള ജനസംഖ്യാ സന്തുലനം പ്രധാനമാണെന്ന പ്രസ്താവനയിലൂടെ ആർഎസ്എസ് മേധാവി ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. മതന്യൂനപക്ഷങ്ങൾക്കെതിരായ പ്രചാരണത്തിന്റെ പുതിയ മുഖമാണ് ഇത്. ന്യൂനപക്ഷവിഭാഗങ്ങളിലെ ജനസംഖ്യ വർധിക്കുന്നുവെന്ന് ആർഎസ്എസ് വർഷങ്ങളായി പ്രചാരണം നടത്തുന്നു. ഇങ്ങനെ ജനസംഖ്യ വർധിക്കുന്നുണ്ടെങ്കിൽ എന്താണ് കുഴപ്പം. ഇന്ത്യയിൽ ജനിച്ചവർക്ക്, ആ പരിഗണന നൽകിക്കൂടെന്ന് ചിന്തിക്കുന്നത് ആർഎസ്എസും ബിജെപിയും മാത്രമാണ്.
യുപിയിൽ രണ്ടുദിവസം നടക്കുക, കേരളത്തിൽ 19 ദിവസമെടുക്കുക, എന്നിട്ട് ഭാരത് ജോഡോ യാത്ര ബിജെപിക്കെതിരാണെന്ന് പറയുന്നതിലെ ഔചിത്യം ജനങ്ങൾക്ക് മനസ്സിലാകും. ദേശീയതലത്തിൽ കോൺഗ്രസ് വല്ലാത്ത അവസ്ഥയിലാണ്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള അകലം നേർത്തുവരുന്നു. കോൺഗ്രസിന്റെ പത്ത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാരാണ് റോഡ് മുറിച്ചുകടക്കുന്ന ലാഘവത്തിൽ ബിജെപിയിലെത്തിയത്. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം ആ പാർടിയെ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
എൽഡിഎഫ് വിപുലീകരണം മുന്നണിയിൽ ചർച്ച ചെയ്താണ് തീരുമാനിക്കുന്നതെന്നും കാനം മറുപടി നൽകി. മുസ്ലിംലീഗ് യുഡിഎഫ് വിട്ടുകഴിഞ്ഞാൽ മാത്രമേ, എന്തെങ്കിലും ആലോചനയുടെ ആവശ്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.