ബാങ്കോക്
തായ്ലൻഡിലെ വടക്കു കിഴക്കൻ പ്രവിശ്യയിലെ ഡേ കെയർ കേന്ദ്രത്തിലും സമീപത്തും അക്രമി നടത്തിയ വെടിവയ്പിൽ 37 പേർ കൊല്ലപ്പെട്ടു. മുൻ പൊലീസ് ഉദ്യോഗസ്ഥനായ അക്രമി നോങ്ബുവാ ലാംബുവിലെ ഡേ കെയറിൽ നടത്തിയ വെടിവയ്പിൽ 19 ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും രണ്ട് മുതിർന്നവരും കൊല്ലപ്പെട്ടു. രണ്ട് വയസുള്ള കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
പുറത്തിറങ്ങി കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെയും അക്രമി വെടിയുതിർത്തു. പലരേയും കാറിടിച്ചുവീഴ്ത്തി. വീട്ടിലെത്തി ഭാര്യയെയും കുട്ടിയെയും കൊലപ്പെടുത്തിയ അക്രമി ആത്മഹത്യ ചെയ്തു.
ഡേ കെയറിനു പുറത്ത് അക്രമിയും കുടുംബവും അടക്കം പതിമൂന്നുപേർ കൊല്ലപ്പെട്ടു. വ്യാഴം പകൽ 12.30ന് ഡേ കെയറിലേക്ക് കടന്നുകയറിയ അക്രമി തോക്കിനു പുറമെ കത്തിയും ആക്രമിക്കാൻ ഉപയോഗിച്ചതായി മേജർ ജനറൽ പെയ്സ ലൂയ്സോംബൂൺ പറഞ്ഞു. കഴിഞ്ഞ മാസം ബാങ്കോക്കിലെ ആർമി വാർ കോളേജിലെ ക്ലർക്ക് സഹപ്രർത്തകനെ അടക്കം രണ്ടുപേരെ വെടിവച്ച് കൊന്നിരുന്നു. 2020ൽ നാക്കോൺ രാറ്റ്ച്ചസിമയിലെ മാളിനു സമീപം പട്ടാളക്കാരൻ 29 പേരെ വെടിവച്ച് കൊല്ലുകയും സുരക്ഷാ സേനയെ 16 മണിക്കൂർ തടഞ്ഞുവയ്ക്കുകയും ചെയ്തു.