വടക്കഞ്ചേരി
വടക്കഞ്ചേരിയിൽ അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് കൂടുതൽ വേഗം ലഭിക്കാൻ സ്പീഡ് ഗവർണറിൽ മാറ്റംവരുത്തിയതായി കണ്ടെത്തി. അപകടസമയം ബസ് അമിത വേഗത്തിലായിരുന്നു. ബസ് ഗതാഗത കമീഷണർ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.
അപകടമുണ്ടാകുമ്പോൾ ബസ് 97 കിലോമീറ്റർ വേഗത്തിലായിരുന്നു. റോഡിൽ അനുവദനീയമായത് 80 കിലോമീറ്ററാണ്. ബസിൽ സ്ഥാപിച്ച ജിപിഎസ് സംവിധാനത്തിൽനിന്നാണ് അപകടസമയത്തെ ബസിന്റെ വേഗം കണ്ടെത്തിയത്. ബസ് അമിത വേഗത്തിലാണെന്ന് ബസുടമയുടെ മൊബൈൽ ഫോണിലേക്ക് അപകടത്തിനുമുമ്പ് രണ്ടുതവണ സന്ദേശം എത്തി. ബസുകളിൽ വേഗപരിധി മറികടക്കാൻ സ്പീഡ് ഗവർണറിൽ കൃത്രിമം കാണിക്കുന്നത് കണ്ടെത്താൻ പരിശോധന വ്യാപകമാക്കുമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നും ഗതാഗത കമീഷണർ അറിയിച്ചു.
അസുര ബസിലെ സ്പീഡ് ഗവർണർ സംവിധാനത്തിൽ പരമാവധി 80 കിലോമീറ്റർ വേഗമാണ് കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാൽ വേഗം വർധിപ്പിക്കാൻ മാറ്റം വരുത്തുകയായിരുന്നു. 100 കിലോമീറ്റർവരെ വേഗത്തിൽ പോകാവുന്ന വിധത്തിലാണ് സ്പീഡ് ഗവർണറിൽ മാറ്റംവരുത്തിയത്. ബൂഫർ, ലൈറ്റിങ് ഉൾപ്പെടെയുള്ള മാറ്റവും വരുത്തി.
അപകടകാരണം
അമിതവേഗം ; കെഎസ്ആർടിസി ഹൈക്കോടതിയിൽ
വടക്കഞ്ചേരിയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിച്ചു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി അപകടത്തെക്കുറിച്ച് കെഎസ്ആർടിസിയോട് റിപ്പോർട്ട് തേടി. ഗതാഗത കമീഷണർ വെള്ളി ഉച്ചയ്ക്ക് കോടതിയിൽ ഹാജരാകാനും കോടതി നിർദേശിച്ചു. ഒഴിവാക്കാനാകാത്ത ഉത്തരവാദിത്വങ്ങളുണ്ടെങ്കിൽ ഓൺലൈനായി ഹാജരായാലും മതി.
വാഹനങ്ങളിൽ വേഗപ്പൂട്ട് സ്ഥാപിക്കുന്നത് കർശനമാക്കണമെന്നും വഴിവിളക്കുകൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും കെഎസ്ആർടിസി സംബന്ധിച്ച മറ്റൊരുകേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. അപകടം വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. ദേശീയപാതകളിൽ സുരക്ഷ ഉറപ്പാക്കണം. സീറ്റ് ബെൽറ്റ്, എയർ ബാഗ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ബസിലുണ്ടോയെന്ന് കോടതി ആരാഞ്ഞു. കെഎസ്ആർടിസിക്കുവേണ്ടി അഡ്വ. ദീപു തങ്കനും സർക്കാരിനുവേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ പി സന്തോഷ്കുമാറും ഹാജരായി.
ഹൈക്കോടതി സ്വമേധയാ കേസെടുത്തു
വടക്കഞ്ചേരിയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നിയമവിരുദ്ധമായി ലൈറ്റുകളും ശബ്ദസംവിധാനങ്ങളുമുള്ള ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് ആരെന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ബെഞ്ചാണ് കേസെടുത്തത്.
വിനോദയാത്ര പുറപ്പെടുന്നതിനുമുമ്പ് രക്ഷിതാക്കൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതുമായ ദൃശ്യങ്ങൾ കണ്ടതിനുശേഷമാണ് കോടതി കേസെടുത്തത്. നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഉപയോഗിച്ചിരുന്നതായി വ്യക്തമായതോടെ വാഹനം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹനവകുപ്പിനോടും പൊലീസിനോടും കോടതി നിർദേശിച്ചു.
ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും ഉപയോഗിക്കരുതെന്നും ഇത്തരം വാഹനങ്ങൾ കണ്ടെത്തിയാൽ കസ്റ്റഡിയിൽ എടുക്കണമെന്നും കോടതി ഉത്തരവിട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ വീഡിയോ പകർത്താനും കോടതി നിർദേശിച്ചു. കണ്ണഞ്ചിപ്പിക്കുന്നവിധം ബസുകളിൽ വെളിച്ചവിന്യാസം നടത്തുന്നത് മറ്റ് വാഹനങ്ങളെ അപകടത്തിലാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇത്തരം രൂപമാറ്റങ്ങൾ കോടതി നിരോധിച്ചിട്ടുണ്ട്.
മേഖലയിൽ 8 ബ്ലാക്ക് സ്പോട്ട്
അപകടമുണ്ടായ പന്തലാംപാടത്തിനും അഞ്ചുമൂർത്തിമംഗലത്തിനുമിടയിൽ ദേശീയപാതയിൽ എട്ട് ബ്ലാക്ക് സ്പോട്ട്. 13 കിലോമീറ്ററിനിടയിലാണ് ഇവ. 2019 മുതൽ 2021 വരെയുള്ള അപകടനിരക്ക് കണക്കാക്കിയാണ് ബ്ലാക്ക് സ്പോട്ട് നിശ്ചയിച്ചത്. മൂന്നുവർഷത്തിനകത്ത് 500 മീറ്റർ അകലത്തിൽ അഞ്ച് റോഡ് അപകടമോ മരണങ്ങളോ ഗുരുതര പരിക്കോ അതല്ലെങ്കിൽ പത്ത് മരണമോ നടന്നിട്ടുണ്ടെങ്കിൽ ആ സ്ഥലം ബ്ലാക്ക് സ്പോട്ടിൽപ്പെടുത്താം. ഈ മേഖലയിൽ 86 അപകടവും 24 മരണവുമുണ്ടായി. 70 പേർക്ക് ഗുരുതര പരിക്കേറ്റു. നാറ്റ്പാക് സംഘം വെള്ളിയാഴ്ച സ്ഥലം സന്ദർശിക്കും. വാഹനാപകടമുണ്ടാക്കിയ ഡ്രൈവറുടെ 24 മണിക്കൂർ ഡ്രൈവിങ് പരിശോധിക്കും.
അന്വേഷണത്തിന് പ്രത്യേക സംഘം
വടക്കഞ്ചേരിയിലെ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആലത്തൂർ ഡിവൈഎസ്പി ആർ അശോകിന്റെ നേതൃത്വത്തിലാണ് സംഘം. വടക്കഞ്ചേരി, കുഴൽമന്ദം, ആലത്തൂർ, മംഗലംഡാം എസ്ഐമാരും സംഘത്തിലുണ്ട്. അപകടസാഹചര്യം ഇവർ വിശദമായി അന്വേഷിക്കും. കൊല്ലം ചവറയിൽനിന്ന് കസ്റ്റഡിയിലെടുത്ത ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോജോ പത്രോസിനെ (ജോമോൻ) വിശദമായി ചോദ്യംചെയ്യും. ജോമോന്റെ അറസ്റ്റ് വടക്കഞ്ചേരി പൊലീസ് രേഖപ്പെടുത്തി. അപകടത്തിനുശേഷം മുങ്ങിയ ഡ്രൈവർ കാറിൽ തിരുവനന്തപുരത്തേക്ക് കടക്കാനായിരുന്നു പദ്ധതി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായമായത്.