രാജ്കോട്ട്
ഗുജറാത്തിലെ മെഡൽ വരൾച്ചയിൽ നീന്തൽക്കുളവും സജൻ പ്രകാശും കേരളത്തിന് ആശ്വാസമാകുന്നു. മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമായി ഈ ഒളിമ്പ്യന്. ദേശീയ ഗെയിംസിൽ ഇന്നലെ 50 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണം നീന്തിയെടുത്തു. 800 മീറ്റർ ഫ്രീസ്റ്റൈലിൽ വെങ്കലവും കിട്ടി. 2015ൽ കേരളത്തിൽ നടന്ന ഗെയിംസിൽ ആറ് സ്വർണവും മൂന്ന് വെള്ളിയും നേടി മികച്ചതാരമായിരുന്നു. ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സ്വർണവും വനിതാ ബാസ്കറ്റ്ബോളിൽ വെങ്കലവും നേടി. 13 സ്വർണവും 15 വെള്ളിയും 11 വെങ്കലവും അടക്കം എട്ടാമതാണ് കേരളം.
നിലവിലെ ജേതാക്കളായ സർവീസസ് 41 സ്വർണവും 29 വെള്ളിയും 26 വെങ്കലവും അടക്കം 96 മെഡലുമായി ഒന്നാമതാണ്. 29 സ്വർണവും 23 വെള്ളിയും 20 വെങ്കലവുമായി ഹരിയാന രണ്ടാമതും 24 വീതം സ്വർണവും വെള്ളിയും 25 വെങ്കലവുമായി മഹാരാഷ്ട്ര മൂന്നാമതും. ബാഡ്മിന്റണിൽ ശങ്കർപ്രസാദ് ഉദയകുമാർ–-പി എസ് രവികൃഷ്ണ സഖ്യമാണ് സ്വർണം നേടിയത്. ഫൈനലിൽ തമിഴ്നാടിന്റെ ഹരിഹരൻ –- റൂബൻകുമാർ സഖ്യത്തെയാണ് കീഴടക്കിയത് (21-–-19, 21–-19).
ബാസ്കറ്റ്ബോൾ 5 x 5ൽ കേരള വനിതകൾ വെങ്കലം നേടി. ലൂസേഴ്സ് ഫൈനലിൽ മധ്യപ്രദേശിനെ 75–-62ന് തോൽപ്പിച്ചു. പി എസ് ജീനയും അനീഷ ക്ലീറ്റസും 23 പോയിന്റുവീതം നേടി. 2015ൽ കേരളത്തിനായിരുന്നു സ്വർണം. ഫുട്ബോളിൽ കേരള പുരുഷന്മാർ സെമിഫൈനലിലെത്തി. ഞായറാഴ്ചയാണ് സെമി. ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരെയാണ് നേരിടുക. ഇന്ന് നടക്കുന്ന ബംഗാൾ–-കർണാടക മത്സരത്തിൽ തോൽക്കുന്ന ടീമാകും കേരളത്തിന്റെ എതിരാളി. ഇന്നലെ ഗ്രൂപ്പിലെ മൂന്നാമത്തെ മത്സരത്തിൽ മണിപ്പുരിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. നിജോ ഗിൽബർട്ട് രണ്ടും പി എസ് വിഷ്ണു ഒരുഗോളും നേടി.