ദുബായ് > മലയാളം മിഷൻ ദുബായ് ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘കാട്ടാക്കട മാഷും കുട്ട്യോളും’ എന്ന പരിപാടിയുടെ സ്വാഗതസംഘ യോഗം ചേർന്നു. മലയാളം മിഷന്റെ ആഗോള വളർച്ചയുടെ നിർണായക അടയാളമായി മാറാൻ ദുബായ് ചാപ്റ്ററിന് കഴിഞ്ഞതായി നോർക്ക ഡയറക്ടറും മലയാളം മിഷൻ ദുബായ് രക്ഷാധികാരി സമിതിഅംഗവുമായ ഒ വി മുസ്തഫ പറഞ്ഞു.
യോഗത്തിൽ ദുബായ് ചാപ്റ്റർ ജോയിൻ്റ് സെക്രട്ടറി അംബുജം സതീഷ് സ്വാഗതം പറഞ്ഞു. സെക്രട്ടറി പ്രദീപ് തോപ്പിൽ അധ്യക്ഷനായി. ഒക്ടോബർ 9 ന് 2 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഭാഗമാകാൻ മലയാളം മിഷൻ ദുബായ് ചാപ്റ്ററിലേ 1200 ഓളം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കൂടാതെ മലയാളി പ്രവാസി സമൂഹത്തെയും ക്ഷണിക്കുകയാണെന്ന് ലോകകേരളസഭാംഗവും സ്വാഗതസംഘം മുഖ്യ രക്ഷാധികാരിയുമായ എൻ കെ കുഞ്ഞുമുഹമ്മദ് അറിയിച്ചു. മലയാളം മിഷൻ ഡയറക്ടറും കവിയും ആയ മുരുകൻ കാട്ടാക്കടയുടെ യു എ ഇ സന്ദർശനത്തിന്റെ ഭാഗമായാണ് ‘കാട്ടാക്കട മാഷും കുട്ട്യോളും’ സംഘടിപ്പിക്കുന്നത്.
കുട്ടികളുമായുള്ള സംവാദത്തിനു പുറമെ, കുട്ടികളുടെ കലാ പരിപാടികൾ – കണിക്കൊന്ന സർട്ടിഫിക്കറ്റ് വിതരണം – കാവ്യാലാപനം – സംഗീതശില്പം- അധ്യാപകരെ ആദരിക്കൽ – ഓണ മത്സരങ്ങളുടെ സമ്മാന ദാനം – വനിതാ ശിങ്കാരിമേളം എന്നിവയും പരിപാടിയ്ക്ക് മാറ്റു കൂട്ടും. 55 അംഗ സ്വാഗതസംഘത്തിന്റെ ഭാഗമായി യു എ ഇ കോർഡിനേറ്റർ കെ എൽ ഗോപി, ലോകകേരളസഭാ പ്രത്യേക ക്ഷണിതാവ് രാജൻ മാഹി, അബ്ദുൽ റഷീദ്, റഷീദ് മട്ടന്നൂർ, എന്നിവർ രക്ഷാധികാരി സമിതിയംഗങ്ങളായും യു എ ഇ കോർഡിനേഷൻ സമിതിയംഗം അഡ്വ. നജീദ്, ഫാ. ബിനീഷ് ബാബു(ഓർത്തഡോക്സ് ചർച്ച്), ഫാ. ജിനു ഈപ്പൻ (മാർത്തോമാ ചർച്ച്), നാം ഹരിഹരൻ എന്നിവർ വൈസ് ചെയർമാൻമാരായും ചുമതലകൾ ഏറ്റെടുത്തു.
ലോക കേരളസഭാംഗങ്ങളായ അനിത ശ്രീകുമാർ, സർഗ്ഗ റോയ്, ദുബായ് ചാപ്റ്റർ വിദഗ്ദ്ധ സമിതി ചെയർമാൻ കിഷോർ ബാബു, ഓർത്തഡോൿസ് പള്ളി പ്രതിനിധി ശ്യാം, പ്രവർത്തക സമിതിയംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, എന്നിവരും സമിതിയിലുണ്ട്. ദുബായ് ചാപ്റ്റർ ചെയർമാൻ ദിലീപ് സി എൻ എൻ, പ്രസിഡന്റ് സോണിയ ഷിനോയ്, പ്രോഗ്രാം കൺവീനർ സന്തോഷ് മാടാരി, ഫിനാൻസ് കൺവീനർ അഷ്റഫ്, എന്നിവരും സംസാരിച്ചു. ‘ദുബായ് ചാപ്റ്റർ കൺവീനർ ഫിറോസിയ ദിലിഫ് റഹ്മാൻ നന്ദി പറഞ്ഞു.