തിരുവനന്തപുരം> മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവിനെ കോൺഗ്രസ് പുറത്താക്കി. പ്രതിയെ സംരക്ഷിക്കാനുള്ള ജില്ലാ നേതൃത്വത്തിൻറെ നീക്കം പൊളിഞ്ഞതിന് പിന്നാലെയാണ് നടപടി. ആറ് മാസം മുൻപ് യുവതിക്ക് നൽകിയ പതിനായിരം രൂപയുടെ പേരിലാണ് ഇയാൾ മുതലെടുക്കാൻ ശ്രമം നടത്തിയത്. ഫോണിലൂടെ നിരന്തരം അശ്ലീല സംഭാഷണങ്ങൾ നടത്തുന്നുവെന്നും യുവതി പറയുന്നു. കൂടാതെ അശ്ലീല ചിത്രങ്ങളും വീഡിയോകളും മെസേജായും അയക്കുന്നു. ശല്യം തുടർന്നതോടെ കത്തെഴുതി വച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടും മധുവിന്റെ ശല്യം തുടർന്നു.
തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൂജപ്പുര പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന മധുവിന്റെ ശബ്ദ സന്ദേശവും പുറത്തായി. ആത്മഹത്യ ചെയ്യുമെന്നാണ് യുവതിക്കയച്ച ശബ്ദ സന്ദേശം. പട്ടാപ്പകൽ റോഡിൽവച്ച് മറ്റൊരു പാർട്ടി പ്രവർത്തകയെ മർദിച്ച കേസിലും വേട്ടമുക്ക് മധു പ്രതിയാണ്.