കണ്ണൂർ
കോടിയേരിയുടെ നിസ്വാർഥ ജീവിതം പാഠമാക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിനാകെ വലിയ സംഭാവന നൽകിയ വ്യക്തിയാണ്. തൊഴിലാളിവർഗത്തിനായി എന്നും നിസ്വാർഥമായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ ജീവിതംതന്നെ പാഠമാണ്. പാർടിയുടെ നയവും തീരുമാനങ്ങളുമെല്ലാം ജീവിതത്തിലും പാലിച്ച വ്യക്തി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലെല്ലാം ഇത് വ്യക്തമായി കാണാം.
1973ൽ കൊൽക്കത്തയിൽ നടന്ന എസ്എഫ്ഐ രണ്ടാമത് അഖിലേന്ത്യാ സമ്മേളനത്തിലാണ് കോടിയേരിയെ ആദ്യമായി കാണുന്നത്. ജോയിന്റ് സെക്രട്ടറിയായി നമ്മൾ ഇരുവരും തെരഞ്ഞെടുക്കപ്പെട്ടു. അന്ന് മുതൽ കരുതിയത് നമ്മൾ ഒരേ വയസുകാരാണെന്നാണ്. അന്നേ അദ്ദേഹം പ്രായത്തിൽ കവിഞ്ഞ പക്വത എല്ലാ കാര്യത്തിലും കാണിച്ചിരുന്നു. ഇപ്പോഴാണ് മനസിലായത് അഞ്ച് വയസിന് ഇളയതാണെന്ന്. അദ്ദേഹത്തെപ്പോലൊരു നേതാവിന്റെ നഷ്ടം പാർടിക്കും ജനങ്ങൾക്കും നികത്താൻ ഏറെ സമയമെടുക്കുമെന്നും കാരാട്ട് പറഞ്ഞു.