തിരുവനന്തപുരം
വാണിജ്യസാധ്യതകളുള്ള കണ്ടെത്തലുകൾക്ക് പിന്തുണയുമായി കേരള സ്റ്റാർട്ടപ് മിഷനും (കെഎസ്യുഎം) മഹാത്മാ ഗാന്ധി സർവകലാശാലയും. ഇതിന്റെ ഭാഗമായി ഇരുസ്ഥാപനവും സംയുക്തമായി നടപ്പാക്കുന്ന റിസർച്ച് ഇൻകുബേഷൻ പ്രോഗ്രാമിലേക്ക് (ആർഐഎൻപി) അപേക്ഷിക്കാം. കേരളത്തിലെ ഗവേഷക വിദ്യാർഥികൾ, പോസ്റ്റ് ഡോക്ടറൽ ഫെലോ, കോളേജ്- സർവകലാശാലാ അധ്യാപകർ, പൂർവ വിദ്യാർഥികൾ, ശാസ്ത്രജ്ഞർ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ (അവസാനവർഷ പ്രോജക്ട് പൂർത്തിയാക്കിയവരാകണം) എന്നിവർക്ക് അപേക്ഷിക്കാം.
ഗവേഷകരുടെ മികച്ച കണ്ടെത്തലുകൾ വാണിജ്യസാധ്യതയുള്ള സാങ്കേതികവിദ്യകളാക്കി മാറ്റുന്നതോടൊപ്പം ഗവേഷകർ നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പുകൾ ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഞ്ചുലക്ഷം രൂപ വരെ സ്റ്റാർട്ടപ് ഗ്രാന്റായി ലഭിക്കും.
ലൈഫ് സയൻസ്/ബയോടെക്നോളജി, ഹെൽത്ത്കെയർ, മെഡിക്കൽ ഡിവൈസ് ടെക്നോളജി, ജലസംരക്ഷണം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, നാനോ ടെക്നോളജി, ഭക്ഷ്യ-ക്കൃഷി, മത്സ്യബന്ധനം, അസിസ്റ്റീവ് ടെക്നോളജി, ഊർജം, മൂല്യവർധനം, മാലിന്യ സംസ്കരണം, ബിസിനസ്, ടൂറിസം, നിർമിതബുദ്ധി, മെഷീൻ ലേണിങ്, എൻജിനിയറിങ്, റൂറൽ ടെക്നോളജി എന്നീ മേഖലകളിലെ കണ്ടെത്തലുകൾക്കാണ് പദ്ധതി ഊന്നൽനൽകുന്നത്. ഏഴുവരെ അപേക്ഷിക്കാം. രജിസ്ട്രേഷൻ ലിങ്ക് bit.ly/RINP-MGU. ഫോൺ: 9400039634.