കൊച്ചി
‘കോടിയേരിയാണ്. മാഷ് പ്രയാസപ്പെടേണ്ട, പ്രസ്ഥാനം കൂടെയുണ്ട്’ –-സർവകലാശാലയിലെ ഓഫീസ് ഹൈന്ദവ വർഗീയവാദികൾ ആക്രമിച്ചപ്പോൾ ഫോണിൽ വിളിച്ച് അന്വേഷിച്ച കോടിയേരിയുടെ കരുതൽ ഓർത്തെടുക്കുകയാണ് ചിന്തകനും സംസ്കൃത സർവകലാശാല അധ്യാപകനുമായ ഡോ. സുനിൽ പി ഇളയിടം. സുനിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽനിന്ന് :
സർവകലാശാലയിലെ എന്റെ ഓഫീസ് ഹൈന്ദവ വർഗീയവാദികൾ കൈയേറിയതിന്റെ പിറ്റേന്നു രാവിലെ കോടിയേരി സഖാവ് വിളിച്ചു. പലപ്പോഴും തമ്മിൽ കണ്ടിട്ടുണ്ടെങ്കിലും നമ്പർ എന്റെ പക്കലുണ്ടായിരുന്നില്ല.
“കോടിയേരിയാണ്’ സഖാവ് സൗമ്യമായി പറഞ്ഞു. “മാഷ് പ്രയാസപ്പെടേണ്ട. പ്രസ്ഥാനം കൂടെയുണ്ട്’. ശാന്തമായ ശബ്ദം. ദൃഢവുമായിരുന്നു. “എങ്ങനെയാണ് യാത്രകളെല്ലാം? തനിച്ചാണോ?’. ദൂരയാത്രകൾ ട്രെയിനിലാണെന്ന് ഞാൻ പറഞ്ഞു. മിക്കവാറും തനിച്ചാണെന്നും. തനിച്ചുള്ള രാത്രിയാത്രകൾ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. സ്റ്റേഷനിൽനിന്ന് പരിചയമുള്ള വാഹനങ്ങളിലേ പോകാവൂ എന്ന് നിർദേശിച്ചു. ആലുവയിൽ അതിനുള്ള ക്രമീകരണം ഉണ്ടാക്കാമെന്നും യോഗസ്ഥലങ്ങളിൽ സഖാക്കളുടെ ശ്രദ്ധയുണ്ടാകുമെന്നും പറഞ്ഞു.
എനിക്കുനേരെയുണ്ടായ ചെറിയ ഒരു കടന്നാക്രമണത്തെച്ചൊല്ലി ഇത്രയും ജാഗ്രത കോടിയേരി സഖാവ് പുലർത്തിയത് പിന്നീടാലോചിച്ചപ്പോൾ എന്നെ ആശ്ചര്യപ്പെടുത്തി. സർവകലാശാലയിലും മറ്റുമായി തൊട്ടടുത്തുള്ളവർ പുലർത്തിയതിനേക്കാളും എത്രയോ വലിയ കരുതലായിരുന്നു അത്. രാഷ്ട്രീയവും വ്യക്തിപരവുമായ വലിയ പ്രയാസങ്ങൾക്ക് നടുവിലൂടെയാണ് സഖാവ് പ്രസ്ഥാനത്തെ നയിച്ചത്. അതൊന്നും ധീരവും സൗമ്യവുമായ ആ ജീവിതത്തെ ഉലച്ചില്ല. വലിയ വിക്ഷോഭങ്ങൾക്കു നടുവിൽ ഉറപ്പോടെ നിന്നു. ആഴമേറിയ പ്രസാദാത്മകത കൈവിട്ടില്ല. വേദനിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കുന്ന മഹിമയുറ്റ പ്രസാദാത്മകത.’’