കെട്ടുറപ്പിന് പ്രാധാന്യം നൽകി
ഇടതുമുന്നണിയുടെ കെട്ടുറപ്പായിരുന്നു കോടിയേരിക്ക് പ്രധാനം. ഘടകകക്ഷി നേതാക്കളോടുള്ള അദ്ദേഹത്തിന്റെ സമീപനം അതിന് തെളിവാണ്. എന്തു പ്രശ്നമുണ്ടെങ്കിലും നേരിട്ട് പറയാം. അതിനുള്ള പരിഹാരമോ മറുപടിയോ നിശ്ചിത സമയത്തിനുള്ളിലുണ്ടാകും. എല്ലാവർക്കും സ്വീകാര്യമാകുന്ന പരിഹാരമുണ്ടാക്കാൻ കഴിയുമെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. മുന്നിലെത്തുന്ന വിഷയങ്ങളുടെ വിശദാംശങ്ങളിലേക്ക് കടന്നായിരുന്നു അദ്ദേഹം വിശകലനം ചെയ്തിരുന്നത്.
മന്ത്രി എ കെ ശശീന്ദ്രൻ (എൻസിപി)
സ്മരണയിൽ ജ്വലിച്ചുനിൽക്കും
ഇരുപത്തെട്ടാം വയസ്സിൽ കോടിയേരി നിയമസഭാംഗം ആയപ്പോഴാണ് ആദ്യം കാണുന്നത്. ജനതാ പാർടി നിയമസഭാ കക്ഷി നേതാവ് കെ ചന്ദ്രശേഖരന്റെ എംഎൽഎ ഹോസ്റ്റൽ മുറിയിൽവച്ചായിരുന്നു അത്. പിന്നീട് 1987ൽ ഞാൻ എംഎൽഎ ആയതോടെ പരിചയം അടുപ്പമായി. രാഷ്ട്രീയ ബന്ധത്തോടൊപ്പം വ്യക്തിപരമായും ഉണ്ടായിരുന്ന ആ അടുപ്പം അവസാനംവരെ തുടർന്നു. ഒരുമിച്ചുള്ള ചില യാത്രകളിലെ സംഭാഷണങ്ങളും നർമങ്ങളും മായാത്ത ഓർമയായി. ഒരേ മന്ത്രിസഭയിൽ പ്രവർത്തിച്ചപ്പോഴത്തെ അനുഭവം ഏറെ ഹൃദ്യമായിരുന്നു. ചില ഘട്ടങ്ങളിൽ എനിക്ക് അദ്ദേഹം രക്ഷകനായിട്ടുണ്ട്. പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുന്ന കോടിയേരിയുടെ ശൈലിയും പ്രശംസനീയം. 13–-ാം കേരള നിയമസഭയിൽ പ്രതിപക്ഷ മുൻനിരയിൽ ഒരുമിച്ചിരുന്നു നടത്തിയ പോരാട്ടങ്ങളും സ്മരണയിൽ ജ്വലിച്ചുനിൽക്കുന്നു.
മാത്യു ടി തോമസ് (ജനതാദൾ എസ് നേതാവ്)
തണലും തലോടലുമായി ഒപ്പം
കോടിയേരി ബാലകൃഷ്ണന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയും അനാഥത്വവും ഉള്ളകം പിടിച്ചുലയ്ക്കുകയാണ്. രാഷ്ട്രീയത്തിലെ മനുഷ്യത്വവും മൃദുത്വവും കാർക്കശ്യവും ഒരാളിൽ സംഗമിക്കുമ്പോഴുണ്ടാകുന്ന മനോഹാരിതയാണ് കോടിയേരിയുടെ ചിരി. ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ മരണം കേരളത്തെ ഒന്നാകെ വേദനിപ്പിക്കുന്നതിന്റെ കാരണം അദ്ദേഹം നേടിയെടുത്ത ജനപ്രിയതയാണ്. ഇബ്രാഹിം സുലൈമാൻ സേട്ട് വിടപറഞ്ഞശേഷം എന്നെ ഏറ്റവും കൂടുതൽ ദുഃഖിപ്പിച്ചത് കോടിയേരിയുടെ മരണമാണ്. രാഷ്ട്രീയമായി മറ്റൊരു സരണിയിലൂടെയാണ് സഞ്ചരിച്ചിരുന്നതെങ്കിലും ഐഎൻഎല്ലിന്റെ പ്രയാണപഥത്തിൽ തണലും തലോടലുമായി അദ്ദേഹം വർത്തിച്ചു. പ്രശ്നസങ്കീർണമായ ഘട്ടത്തിലെല്ലാം അദ്ദേഹത്തിന്റെ ഉപദേശം തേടി. ഗുണകാംക്ഷയോടെയുള്ള ഉപദേശം പലപ്പോഴും സ്നേഹവും ശാസനയും നിറഞ്ഞതായിരുന്നു.
കാസിം ഇരിക്കൂർ (ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി)
നാടിന് നൽകിയത് ബഹുമുഖമായ സംഭാവന
വിദ്യാർഥി രാഷ്ട്രീയ കാലത്തു തുടങ്ങിയതാണ് കോടിയേരിയുമായുള്ള ഹൃദയബന്ധം. അന്ത്യനാളുകൾവരെ ആ ബന്ധം തുടർന്നു. ജനപ്രതിനിധി, അതുല്യനായ രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം ബഹുമുഖമായ സംഭാവനയാണ് അദ്ദേഹം നാടിനു നൽകിയത്. സ്വതസിദ്ധമായ കഴിവുകൊണ്ടാണ് വിപുലമായ സ്വീകാര്യത നേടിയെടുത്തത്. രാജ്യത്തിന്റെ ഭാവിക്കെതിരെ ഉയരുന്ന വർത്തമാന വെല്ലുവിളികൾ നേരിടാൻ എൽഡിഎഫ് എല്ലാതലത്തിലും സജ്ജമാകേണ്ട കാലത്താണ് അദ്ദേഹം വിടപറഞ്ഞത്. എൽഡിഎഫിനുണ്ടായ നഷ്ടം അപരിഹാര്യമാണ്.
രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ
(കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ്)