കൊച്ചി> കുപ്രസിദ്ധ മോഷ്ടാവ് മരിയാര്പൂതം വീണ്ടും പൊലീസ് പിടിയില്. തിങ്കള് പുലര്ച്ചെ 2.30ന് മോഷണശ്രമത്തിനിടെയാണ് നോര്ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കലൂര് കതൃക്കടവ് ഈസ്റ്റ് കട്ടക്കാര റോഡില് നെടുങ്ങോരപറമ്പ് ദിനേശന്റെ വീട്ടില് മോഷണശ്രമത്തിനിടെയാണ് കുളച്ചല് പോണംകാട് വെസ്റ്റ് നെയ്യൂര് വാരുവിളയില് മരിയ അര്പുതം ജോണ്സന്(മരിയാര്പൂതം–56) പിടിയിലായത്.
ദിനേശന്റെ വീടിനുമുകളില് വാടകയ്ക്ക് താമസിച്ചിരുന്ന ഈറോഡ് സ്വദേശി കന്ദസ്വാമിയുടെ മുറിയില് കയറിയ മരിയാര്പൂതം വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്ണവും ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞതോടെ കന്ദസ്വാമിയുടെ നെറ്റിയില് വെട്ടി. എന്നാല്, കന്ദസ്വാമി മരിയാര്പൂതത്തെ കയറിപ്പിടിച്ച് ബഹളംകൂട്ടി. ഇതുകേട്ട് ഓടിവന്ന അയല്ക്കാര് പിടികൂടി കെട്ടിയിട്ടശേഷം നോര്ത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു.
കലൂര് ഇഗ്നോ ഓഫീസില് കംപ്യൂട്ടര് എന്ജിനിയറായ കന്ദസ്വാമിയുടെ നെറ്റിയില് മൂന്ന് തുന്നലുണ്ട്. വധശ്രമത്തിനും കവര്ച്ചയ്ക്കും മരിയാര്പൂതത്തിന്റെ പേരില് കേസെടുത്തു. കോടതി റിമാന്ഡ് ചെയ്തു. രണ്ട് മാസമായി പരിസരപ്രദേശങ്ങളില് മോഷ്ടാവിന്റെ ശല്യം ഉണ്ടായിരുന്നതായി നാട്ടുകാര് പറഞ്ഞു. സ്ക്വാഡ് രൂപീകരിച്ച് ഇയാളെ പിടികൂടാന് നാട്ടുകാര് സംഘടിച്ചിരുന്നു.
2018ലാണ് അവസാനമായി ഇയാളെ നോര്ത്ത് പൊലീസ് പിടികൂടിയത്. 2020ല് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള് പൊലീസ് ഇയാളുടെ ചിത്രം സഹിതം സമൂഹമാധ്യമങ്ങളില് പ്രസിദ്ധീകരിച്ച് മുന്നറിയിപ്പ് നല്കി. 2008, 2012, 2017 വര്ഷങ്ങളിലും പിടിയിലായിട്ടുണ്ട്. 2008-ല് പിടിയിലായി മൂന്നരവര്ഷത്തെ ജയില്വാസത്തിനുശേഷം 2011 നവംബറില് പുറത്തിറങ്ങിയ മരിയാര്പൂതം വീണ്ടും മോഷണത്തിനിറങ്ങി. എറണാകുളം നോര്ത്ത് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള വീടുകളില്മാത്രമാണ് മരിയാര്പൂതം മോഷണം നടത്തിയിരുന്നത്