കണ്ണൂര്‍> കോടിയേരിയുടെ വിയോഗം ഞങ്ങള്‍ക്കുണ്ടായ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏതൊരു നേതാവിന്റെ വിയോഗവും കൂട്ടായ പ്രയത്നത്തിലൂടെ പരിഹരിക്കുമെന്നതാണ് ഞങ്ങളുടെ സംഘടനാരീതി. എന്നാല്‍ ഈ വിയോഗം അത്ര പെട്ടെന്ന് നികത്താനാകില്ലെന്ന് അറിയാം. എങ്കിലും ഒരുറപ്പ് നല്കുന്നു. വലിയ തോതിലുണ്ടായ ഈ നഷ്ടം നികത്താന്‍ കൂട്ടായി ശ്രമിക്കും.
രോഗാതുരനായപ്പോള്‍ കേരളത്തിനകത്തും പുറത്തും വിദേശത്തും ചികിത്സിച്ച മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ഒടുവില്‍ ചികിത്സിച്ച അപ്പോളോയിലെ ഡോക്ടര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. സഹോദരനെപ്പോലെ കണ്ട് ചികിത്സിച്ച ഡോ. പ്രമോദിനും പ്രത്യേകം കൃതജ്ഞത അറിയിക്കുന്നു– മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യനന്മ നഷ്ടമായില്ലെന്ന വ്യത്യസ്തമായ അനുഭവമാണ് എങ്ങും കണ്ടത്. വലിയ ദുഃഖത്തിനിടയിലും ഇത് നമുക്ക് കുളിര്‍മ നല്‍കുന്നതാണ്. കോടിയേരിയുടെ വേര്‍പാട് അറിഞ്ഞതോടെ വ്യത്യസ്ത പക്ഷത്ത് നില്ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ടി നേതാക്കളും ഒരുപക്ഷമായി ദുഃഖത്തില്‍ പങ്കുചേര്‍ന്നു. മാധ്യമങ്ങളും സമുചിതമായ ആദരവ് നല്കി. എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നു. കണ്ഠമിടറിയതോടെ പിണറായി പ്രസംഗം അവസാനിപ്പിച്ചു.