കൊച്ചി> ത്രില്ലർ സിനിമകളോുള്ള മലയാളി പ്രേക്ഷകരുടെ താൽപ്പര്യത്തോട് നൂറുശതമാനം നീതിപുലർത്തുന്നതെന്ന വാഗ്ദാനവുമായി ഇനി ഉത്തരം ഒക്ടോബർ ഏഴിന് തീയേറ്ററിൽ എത്തുന്നു. ഒറ്റിറ്റിയുടെ വരവോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ത്രില്ലർ സിനിമകളിലും സീരീസുകളും കാണുന്ന മലയാളികളെ പിടിച്ചിരുത്താൻ കഴിയുന്ന ഇതിവൃത്തവും പരിചരണവുമാണ് ചിത്രത്തിനെന്ന് അണിയറ പ്രവർത്തകർ ഉറപ്പുനൽകുന്നു.
മലയാള സിനിമാ കണ്ട ഏറ്റവും പ്രേക്ഷക പ്രീതി നേടിയ ക്രൈം സിനിമ പരമ്പരയായ ദൃശ്യം സംവിധാനം ചെയ്ത ജിത്തു ജോസഫിന്റെ ചീഫ് ആസോസിറ്റായി വർഷങ്ങളായി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ‘ഇനി ഉത്തരം’.
മികച്ച നടിയ്ക്കുള്ള അവാർഡ് നേടിയ അപർണ ബാലമുരളി പ്രധാന വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുധ കൊങ്കര സംവിധാനം ചെയ്ത സൂര്യ ചിത്രം സുരരെ പൊട്രൂവിലെ അഭിനയ മികവിനാണ് അപർണയെ തേടി ദേശീയ പുരസ്കാരം എത്തിയത്. സ്ത്രീ കേന്ദ്രികൃത ചിത്രമായി ഒരുങ്ങുന്ന ഇനി ഉത്തരം തികഞ്ഞ സസ്പെൻസ് ത്രില്ലർ സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് -ഉണ്ണി എന്ന ഇരട്ട തിരക്കഥകൃത്തുകളാണ്. നേരത്തെ പുറത്തു വിട്ട ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളും ശ്രദ്ധേയമായിരുന്നു.
സസ്പൻസ് നിറച്ച ഇനി ഉത്തരത്തിന്റെ ട്രെയിലറിന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്. അപർണ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രം കാട്ടിനകത്തെ ഒരു പോലീസ് സ്റ്റേഷനിൽ വന്ന് തന്നൊരാളെ കൊന്നു കുഴിച്ചുമൂടി എന്ന് പറഞ്ഞാണ് ട്രെയിലർ തുടങ്ങുന്നത്. ജാനകി പറഞ്ഞ കഥകളിലൂടെ മുന്നോട്ട് പോകുന്ന കഥയിൽ മറ്റു ചില വഴികളിലേക്ക് കൂടി സിനിമ എത്തുന്നുവെന്ന് ട്രെയിലറിൽ സൂചന നൽകുന്നുണ്ട്. ചിത്രത്തിൽ അപർണയുടെ നായകനായി എത്തുന്നത് സിദ്ധാർഥ് മേനോനാണ്.എല്ലാ ഉത്തരത്തിനും ഓരോ ചോദ്യം ഉണ്ടാകുമെന്ന ടാഗ് ലൈൻ പോലെ നിറയെ ആകാംഷ ഉളവാക്കുന്ന സീനുകളാണ് ചിത്രത്തിന്റെ ട്രെയിലറിലും കാണാൻ സാധിക്കുന്നത്. ‘കൂട്ടത്തിന് ബുദ്ധിയില്ല സാറെ തനിയെ ചിന്തിക്കുന്നവനാണ് ബുദ്ധി’, ‘ചിലപ്പോൾ സത്യങ്ങളെക്കാളും തെളിവിനാണ് വില’ തുടങ്ങിയ ഡയലോഗുകൾ പറയുന്ന അപർണയുടെ കഥാപാത്രം ട്രയിലറിലൂടെ തന്നെ ജപപ്രിയമായിട്ടുണ്ട്.
ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായി എത്തുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹൃദയത്തിന് സംഗീതം നൽകിയ ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരും.
എ ആന്ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.