തലശേരി> തീരാനോവിന്റെ സങ്കടവുമായി കേരളം തലശേരിയിലേക്ക് ഒഴുകുകയാണ്. പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കുകാണാൻ എത്തിയവരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരുണ്ട്. അതിരുകൾ മായ്ക്കുന്ന സ്നേഹ സൗഹൃദത്തിന്റെ പൂമരമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗ വാർത്ത അറിഞ്ഞതുമുതൽ ആരംഭിച്ച ഒഴുക്ക് തിങ്കളാഴ്ച കോടിയേരിയുടെ വീട്ടിലും തുടരുകയാണ്.
തലശേരി മുനിസിപ്പൽ ടൗൺഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹം ഞായർ രാത്രി പത്തോടെയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. വഴിനീളെ നാടിന്റെ അഭിവാദ്യം ഏറ്റുവാങ്ങി പത്തരയോടെ വീട്ടിലെത്തുമ്പോഴേക്കും അവടെയും ജനക്കൂട്ടമായിരുന്നു. രാത്രി പതിനൊന്നോടെ പെയ്ത മഴയത്രയുംകൊണ്ടാണ് പ്രിയ സഖാവിനെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ജനം കാത്തുനിന്നത്.
കുടുംബനാഥനെ നഷ്ടപ്പെട്ട വേദനയോടെയാണ് പുഞ്ചിരിമായാത്ത ആ മുഖം തേടി ജനസഹസ്രങ്ങൾ എത്തുന്നത്. മലയാളിയുടെ മനസിൽ കോടിയേരിയുടെ സ്ഥാനം അടയാളപ്പെടുത്തുന്നതാണ് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നിലക്കാതെ ഒഴുകിയെത്തുന്ന ജനസാഗരം. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും നേതാക്കളും എംഎൽഎമാരും രാത്രി വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.