പാരിസ്
പകരക്കാരനായെത്തി പിഎസ്ജിക്ക് ജയം സമ്മാനിച്ച് കിലിയൻ എംബാപ്പെ. ഫ്രഞ്ച് ലീഗിൽ നീസിനെ 2–-1ന് വീഴ്ത്തി. ചാമ്പ്യൻമാരുടെ തുടർച്ചയായ ഏഴാം ജയമാണിത്. ലീഗിലെ അവസാന 18 കളിയിലും തോൽവി അറിഞ്ഞിട്ടില്ല. ലയണൽ മെസിയുടെ സുന്ദര ഫ്രീകിക്കിലൂടെ മുന്നിലെത്തിയ പിഎസ്ജിയെ ഗയ്റ്റൻ ലബൊർദയിലൂടെ നീസ് ഒപ്പംപിടിച്ചു. എന്നാൽ, കളിതീരാൻ ഏഴ് മിനിറ്റ് മാത്രംശേഷിക്കേ എംബാപ്പെ നിറയൊഴിച്ചു. ഒമ്പത് കളിയിൽ 25 പോയിന്റുമായി ഒന്നാമതാണ് പാരിസുകാർ. മാഴ്സെയാണ് (23) രണ്ടാമത്.
എംബാപ്പെക്കുപകരം ഇരുപതുകാരൻ ഹ്യൂഗോ എകിടികേയാണ് പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ പരീക്ഷിച്ചത്. അർജന്റീന കുപ്പായത്തിൽ ജമൈക്കെതിരെ ഫ്രീകിക്ക് ഗോളടിച്ചെത്തിയ മെസി മികവ് ആവർത്തിച്ചു. ഇരുപതാം മിനിറ്റിൽ മുപ്പത്തഞ്ചുകാരൻ തൊടുത്ത പന്ത് നീസ് ഗോൾകീപ്പർ കാസ്പെർ ഷ്മൈക്കേലിനെ കാഴ്ചക്കാരനാക്കി വലകടന്നു. ഇടവേളയ്ക്കുമുമ്പ് മെസി രണ്ടാംഗോളിലേക്ക് ലക്ഷ്യംവച്ചെങ്കിലും ഇത്തവണ ഷ്മൈക്കേൽ പന്ത് തട്ടിയകറ്റി.
രണ്ടാംപകുതിയുടെ തുടക്കമാണ് നീസ് സമനില നേടിയത്. എന്നാൽ, ബെഞ്ചിൽനിന്നെത്തിയ എംബാപ്പെ കളി മാറ്റി.