തിരുവനന്തപുരം
ഡ്യൂട്ടി പരിഷ്കരണത്തിലൂടെ ദിവസവരുമാനം എട്ടുകോടി രൂപയാകുമെന്ന പ്രതീക്ഷയിൽ കെഎസ്ആർടിസി. നിലവിൽ 3600 ബസാണ് സർവീസ് നടത്തുന്നത്. ശരാശരി വരുമാനം ആറുകോടിയും. പുതിയ മാറ്റത്തിലൂടെ സർവീസ് 12.5 ലക്ഷം കിലോമീറ്ററിൽനിന്ന് 16 ലക്ഷമാക്കി 4800 ബസ് നിരത്തിലിറക്കാം. ഇതിനൊപ്പം സ്വിഫ്റ്റ് സർവീസുകൾകൂടി ചേരുമ്പോൾ വരുമാനം ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഇതുവഴി മാസവരുമാനത്തിൽ 25 കോടി രൂപയുടെ വർധനയുണ്ടാകും. മാസം 240 കോടി രൂപ ലഭിച്ചാൽ ശമ്പള വിതരണത്തിന് സർക്കാരിനെ ആശ്രയിക്കേണ്ടിവരില്ല.
ശനിയാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ പാറശാലയിൽ സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തും. ഏഴിന് തിരുവനന്തപുരം ജില്ലയിലെ ഏഴ് യൂണിറ്റിലും നടപ്പാക്കും. അതിനുമുമ്പ് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തും. പത്തിനകം മറ്റുജില്ലകളിലേക്കും വ്യാപിക്കും. സുശീൽഖന്ന കമീഷൻ റിപ്പോർട്ടുപ്രകാരമാണ് പരിഷ്കരണം. ഇതിനെതിരെ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിൻവലിച്ചു.
സിംഗിൾ ഡ്യൂട്ടി
തുടക്കത്തിൽ ഹ്രസ്വദൂര സർവീസുകളിലാണ് സിംഗിൾ ഡ്യൂട്ടി നടപ്പാക്കുക. ജീവനക്കാർ ആറുദിവസവും ജോലിക്ക് വരണം. 12 മണിക്കൂർവരെയാണ് ജോലി എങ്കിലും എല്ലാവർക്കും എടുക്കേണ്ടിവരില്ല. ഷെഡ്യൂൾ തീരുന്ന മുറയ്ക്ക് ജോലി അവസാനിപ്പിക്കാം. നിലവിൽ ഏഴ് മണിക്കൂർ ഡ്യൂട്ടി, അരമണിക്കൂർ വിശ്രമം, അരമണിക്കൂർ ഡ്യൂട്ടി ലോഗിൻ, ലോഗ് ഓഫുമാണ്. എട്ട് മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിനും ഇരട്ടി വേതനം ലഭിക്കും. അധികമായി 5000 മുതൽ 12000 രൂപവരെ ജീവനക്കാർക്ക് മാസം ലഭിക്കും.