തിരുവനന്തപുരം
ധീരരക്തസാക്ഷികളുടെ സ്മരണയിൽ സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം. പൊതുസമ്മേളന വേദിയായ സ. പി കെ വി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) അഖിലേന്ത്യ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തി. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്റെ നേതൃത്വത്തിൽ എത്തിച്ച പതാക കാനം രാജേന്ദ്രൻ ഏറ്റുവാങ്ങി. നെയ്യാറ്റിൻകരയിലെ സ്വദേശാഭിമാനി –- വീരരാഘവൻ സ്മൃതി മണ്ഡപത്തിൽനിന്ന് കിസാൻസഭ സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലൻ നായരുടെ നേതൃത്വത്തിൽ എത്തിച്ച കൊടിമരം അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിക്ക് കൈമാറി. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രന്റെ നേതൃത്വത്തിൽ ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് എത്തിച്ച ബാനർ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു ഏറ്റുവാങ്ങി. മൂന്നു ജാഥകളും പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ സംഗമിച്ച്, ചുവപ്പു സേനാംഗങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലെത്തി.
യോഗത്തിൽ സംഘാടക സമിതി ചെയർമാൻ ജി ആർ അനിൽ അധ്യക്ഷനായി. അഖിലേന്ത്യാ സെക്രട്ടറിയറ്റ് അംഗങ്ങളായ അതുൽ കുമാർ അഞ്ജാൻ, ബിനോയ് വിശ്വം എംപി, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ഇ ഇസ്മായിൽ, പന്ന്യൻ രവീന്ദ്രൻ, സംഘാടക സമിതി ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്ണൻ, മന്ത്രിമാരായ കെ രാജൻ, ജെ ചിഞ്ചുറാണി, പി പ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഇ ചന്ദ്രശേഖരൻ, സി ദിവാകരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ആലപ്പുഴ ഇപ്റ്റ കലാപരിപാടികൾ അവതരിപ്പിച്ചു.
ശനി രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളന നഗരിയായ സ. വെളിയം ഭാർഗവൻ നഗറിൽ (ടാഗോർ തിയറ്റർ) സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ‘ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും’ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവർ പ്രഭാഷണം നടത്തും. രണ്ടിനും മൂന്നിനും പ്രതിനിധി സമ്മേളനം തുടരും.