കാബൂള്‍
അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ഷിയകേന്ദ്രത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ക്ലാസ് മുറിയില്‍ ചാവേര്‍ പൊട്ടിത്തറിച്ച് 19 മരണം. 27 പേര്‍ക്ക് പരിക്ക്. കൊല്ലപ്പെട്ടതിലേറെയും വിദ്യാര്‍ഥിനികള്‍. മരണസംഖ്യ ഉയര്‍ന്നേക്കും. സര്‍വകലാശാല പരീക്ഷകള്‍ക്ക് പരിശീലനം നല്കുന്ന കാജ് ഹയര്‍ എഡ്യൂക്കേഷണല്‍ സെന്ററിലാണ് സ്ഫോടനം. അറുനൂറോളം കുട്ടികള്‍ ക്ലാസിലുണ്ടായിരുന്നു. ഷിയാ മുസ്ലിം, ഹസാരെ വിഭാഗങ്ങള്‍ കൂടുതലുള്ള ധാഷ്ത് ഇ ബര്‍ച്ചി മേഖലയിലാണ് പരിശീലനകേന്ദ്രം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
12 വയസ്സുമുതലുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കുള്ള അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷമേഖലയിലെ സ്വകാര്യസ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമുണ്ട്. അത്തരമൊരു സ്ഥാപനമാണ് കാജ്.
കഴിഞ്ഞവര്‍ഷം, താലിബാന് അധികാരത്തിലെത്തുന്നതിനുമുമ്പ് ഈ മേഖലയിലെ പെണ്‍കുട്ടികളുടെ സ്കൂളിലുണ്ടായ ബോംബാക്രമണത്തില്‍ 85ലധികം പേര് കൊല്ലപ്പെട്ടു. താലിബാന് ആദ്യം അധികാരത്തിലെത്തിയ 1996ലും ഷിയാ, ഹസാരെകള്ക്കെതിരെ നിരന്തരം ആക്രമണങ്ങളുണ്ടായി.