തിരുവനന്തപുരം> കേന്ദ്ര സർക്കാരിന്റെ ഏജന്റായി പ്രവർത്തിക്കുന്ന ഗവർണറുടെ കുത്സിതനീക്കങ്ങളെ ജനപിന്തുണയിൽ എൽഡിഎഫ് അതിജീവിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയ ബില്ലുകൾ ഒപ്പിടില്ലെന്നാണ് ഗവർണർ പറയുന്നത്. സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് ശ്രമം.
ബിജെപി സർക്കാരിന്റെ കെടുതികൾ മാത്രം വിതയ്ക്കുന്ന സാമ്പത്തിക നയങ്ങൾക്കെതിരായ ബദൽ അവതരിപ്പിക്കുന്ന ഏക സർക്കാരാണ് കേരളത്തിലുള്ളത്. വികസന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായി ഗവർണർ പ്രവർത്തിക്കുകയാണെന്നും കാനം പറഞ്ഞു. പി കെ വി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) സിപിഐ സംസ്ഥാന സമ്മേളന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പ്രതിപക്ഷ ഐക്യം കാലം ആവശ്യപ്പെടുന്നു. അത്രയേറെ ദുരിതങ്ങളാണ് ബിജെപി ഭരണം ജനങ്ങൾക്കു നൽകുന്നത്. തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിലായി. വളർച്ച മുരടിച്ചു. നാണയപ്പെരുപ്പം ഉയരുന്നു. ഭക്ഷ്യസാധനങ്ങൾക്കുപോലും താങ്ങാനാകാത്ത വിലക്കയറ്റമായി. ജനം ഇത് ചർച്ച ചെയ്യാതെ ജാതിയുടെ മതത്തിന്റെയും പിന്നാലെ പോകണമെന്നാണ് ബിജെപി പറയുന്നത്. മതനിരപേക്ഷതയിൽനിന്ന് മതരാഷ്ട്രത്തിലേക്ക് മാറാനാണ് ആഹ്വാനം. മത, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് രാജ്യം അന്യമാകുന്ന സ്ഥിതിയാണ്. ഇതിന് തടയിടാൻ ബിജെപി സർക്കാരിനെ പുറത്താക്കണമെന്നും പ്രതിപക്ഷ ഐക്യനിരയിലൂടെ മാത്രമേ അതിന് കഴിയൂവെന്നും കാനം പറഞ്ഞു.