തിരുവനന്തപുരം> കേരള ഗവർണർ രാജ്ഭവനെ ബിജെപിയുടെ പാർടി ഓഫീസാക്കി മാറ്റുകയാണെന്ന് ജസ്റ്റിസ് കെ ചന്ദ്രു. എകെജി പഠന ഗവേഷണ കേന്ദ്രവും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആടിന് താടിയെന്തിന്, നാടിന് ഗവർണർ എന്തിന് എന്ന അണ്ണാദുരൈയുടെ ചോദ്യം വീണ്ടും ഉറക്കെ ചോദിക്കേണ്ട സാഹചര്യമാണ്. ജനാധിപത്യത്തിൽ ഏറ്റവും കുറഞ്ഞ യോഗ്യത ആവശ്യമുള്ള പദവിയാണ് ഗവർണറുടേത്. തെലങ്കാന, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ ബിജെപി ഇതര സർക്കാരുകളാണ് ഭരിക്കുന്നത്. കർണാടകയിൽ ബിജെപിയും. ആന്ധ്രയിൽ ജഗൻമോഹൻ റെഡ്ഡി നിലപാട് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. ഇക്കാരണത്താൽ ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ ഇടപെടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനായി ഗവർണർമാരെ ഉപയോഗപ്പെടുത്തുന്നു. സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുകയെന്ന ഏക ഉത്തരവാദിത്തമാണ് കേന്ദ്രം ഗവർണർമാരെ ഏൽപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ താൽപര്യപ്രകാരമാണ് ഗവർണർമാരെ നിയമിക്കുന്നത്. എന്നാൽ, ഫലത്തിൽ ആഭ്യന്തരമന്ത്രാലമാണ് ഇവരെ നിയന്ത്രിക്കുന്നത്.
രാജ്ഭവനുകളെ കാര്യഭവനാക്കി മാറ്റാനും കാവിവൽക്കരണം നടപ്പാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. കറവ വറ്റിയ പശുവിനെ ഗോശാലയിലേക്ക് മാറ്റുന്നതുപോലെ സജീവ രാഷ്ട്രീയത്തിൽ ആവശ്യമില്ലാത്തവരെ രാജ്ഭവനിലേക്ക് അയക്കാൻ തുടങ്ങിയത് കോൺഗ്രസാണ്. ഇവരെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം 1960ന് മുമ്പേ തുടങ്ങിയിട്ടുണ്ട്. 1957ൽ തെരഞ്ഞെടുക്കപ്പെട്ട ഇഎംഎസ് സർക്കാരിനെ 1959ൽ പിരിച്ചുവിട്ടത് ഇതിന് ഉദാഹരണമാണ്. ഭരണഘടനയോട് ബഹുമാനമില്ലാതെ പെരുമാറുന്നതിലും ഗവർണർ പദവി ദുരുപയോഗപ്പെടുത്തുന്നതിലും കോൺഗ്രസും ബിജെപിയും ഒരേ നിലപാടാണ് സ്വീകരിച്ചത്. നല്ലതും മോശവും ഏറ്റവും മോശവുമായ ഗവർണർമാരുണ്ട്. ഇതിൽ മൂന്നാമത്തെ ഗണത്തിലാണ് ദക്ഷിണേന്ത്യയിലെ ഗവർണർമാർ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു.