തിരുവനന്തപുരം
രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്ര കേരളം വിടുമ്പോൾ ജനങ്ങൾ ചോദിക്കുന്നത് ‘എന്തിനിതുവഴി വന്നു?’ എന്ന്. രാഷ്ട്രീയലക്ഷ്യം മറന്ന് ‘രാഹുൽ ഷോ’ ആക്കി മാറ്റിയ യാത്രയിൽ ബിജെപിക്കെതിരെ നിലപാടുണ്ടായില്ല എന്നും പ്രധാന വിമർശം. തമിഴ്നാട്ടിലും കേരളത്തിലും മിണ്ടാത്ത രാഹുൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മിണ്ടുമോ എന്ന് ചോദ്യമുയർന്നു.
നെയ്യാറ്റിൻകരയിൽ സ്വാതന്ത്ര്യസമര സേനാനികളുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ രാഹുൽ പങ്കെടുക്കാതിരുന്നത് കേരളത്തിൽ പ്രവേശിച്ചനാൾതന്നെ യാത്രയെ വിവാദത്തിലാക്കി. വിഴിഞ്ഞം സമരസമിതി നേതാക്കളെ കണ്ട രാഹുൽ കൃത്യമായ നിലപാട് എടുക്കാതിരുന്നപ്പോൾ ശശി തരൂരാണ് പറഞ്ഞത് ‘പദ്ധതി ഉപേക്ഷിച്ചുകൊണ്ടുള്ള പരിഹാരം നടക്കില്ലെ’ന്ന്.
ചിലയിടങ്ങളിൽ നേതാക്കൾ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത് വാർത്തയായി. എറണാകുളത്ത് പ്രവേശിച്ച ഘട്ടത്തിൽ മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവർ ബിജെപിയിൽ ചേർന്നു. ആലുവയിൽ ജോഡോ യാത്രയുടെ ബാനറിൽ സവർക്കറെ പ്രതിഷ്ഠിച്ചതും പിന്നീട് ഗാന്ധിജിയെ വച്ച് മറച്ചതും കോൺഗ്രസിന്റെ ഉള്ളിലിരുപ്പ് പുറത്തുകൊണ്ടുവന്നു. യാത്രയ്ക്കെതിരെ ഉയരുന്ന പ്രധാന വിമർശംതന്നെ ‘മൃദുഹിന്ദുത്വ സമീപനം’ ആണ്. കേരളത്തിൽ 18 ദിവസം നടക്കുന്ന രാഹുൽ എന്തുകൊണ്ട് യുപിയിൽ രണ്ടുദിവസമാക്കി എന്ന സിപിഐ എമ്മിന്റെ വിമർശം രാജ്യം ഏറ്റെടുത്തു. തുടർന്ന് നാണക്കേട് ഒഴിവാക്കാൻ അഞ്ചുദിവസമാക്കി.
യാത്ര ബിജെപി വിമർശം ഉപേക്ഷിച്ചതോടെയാണ് ‘ചർച്ച പൊറോട്ടയെക്കുറിച്ച്’ എന്ന പരിഹാസമുണ്ടായത്. അറിയാതെപോലും മലപ്പുറത്ത് പച്ചക്കൊടി പാടില്ലെന്ന രഹസ്യനിർദേശമുണ്ടായതും കോൺഗ്രസ് പുലർത്തുന്ന ‘മൃദുഹിന്ദുത്വ രാഷ്ട്രീയ’ത്തെ എടുത്തു കാണിച്ചു. വർഗീയതയും ജനാധിപത്യ അട്ടിമറിയും മുഖമുദ്രയാക്കിയ ബിജെപിക്കെതിരെ യാത്ര ഉറക്കെ ശബ്ദിച്ചിരുന്നെങ്കിൽ, 350 കിലോ മീറ്റർ യാത്രയ്ക്കിടെ ഉണ്ടാക്കിയ ഗതാഗത പ്രശ്നങ്ങളും കണ്ടെയ്നർ ബ്ലോക്കുകളും ജനം ക്ഷമിച്ചേനെ.
കേരളത്തിലെ
പര്യടനം അവസാനിച്ചു
ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം അവസാനിച്ചു. സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ തുടങ്ങിയ യാത്ര 11ന് ആണ് പാറശാല വഴി കേരളത്തിൽ കടന്നത്. വ്യാഴം രാവിലെ 6.30ന് ചുങ്കത്തറയിൽനിന്നാണ് കേരളത്തിലെ അവസാനദിവസത്തെ പര്യടനം തുടങ്ങിയത്. എടക്കരയിൽ എത്തിയപ്പോൾ ചായക്കടയിൽ കയറി. പത്തോടെ ഒമ്പതു കിലോമീറ്റർ പിന്നിട്ട് വഴിക്കടവിനടുത്ത് മണിമൂളിയിൽ കേരളത്തിലെ പര്യടനം അവസാനിപ്പിച്ചു. തുടർന്ന് വാഹനത്തിൽ ഗൂഡല്ലൂരിലേക്കു പോയി. 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന യാത്രയുടെ 19 ദിവസവും കേരളത്തിലായിരുന്നു. കശ്മീരിലാണ് യാത്ര സമാപനം.