ഗാന്ധിനഗർ
വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾക്കായി ട്രാക്കും ഫീൽഡും ഇന്നുണരും. ദേശീയ ഗെയിംസ് അത്ലറ്റിക്സ് അഞ്ചുനാൾ ഗാന്ധിനഗർ ഐഐടി സിന്തറ്റിക് ട്രാക്കിനെ ചൂടുപിടിപ്പിക്കും. 47 ഇനങ്ങളിലാണ് മത്സരം. ഓരോ ഇനത്തിലും രാജ്യത്തെ ഏറ്റവും മികച്ച 16 താരങ്ങൾ മാറ്റുരയ്ക്കുമ്പോൾ ഗുജറാത്തിലെ ചുട്ടുപൊള്ളുന്ന വെയിലിൽ മത്സരം തീപാറും. കേരളവും ഉറ്റുനോക്കുന്നത് അത്ലറ്റിക്സാണ്. യുവനിരയാണ് കേരളത്തിന്റെ കരുത്ത്. 15 മുതൽ 20 മെഡൽവരെ പ്രതീക്ഷിക്കുന്നു.
തമിഴ്നാട്, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ് ടീമുകൾക്കൊപ്പം വെല്ലുവിളിയായി സർവീസസുമുണ്ട്. ട്രാക്കിലും ഫീൽഡിലും നല്ല പ്രതീക്ഷയുണ്ടെന്ന് അത്ലറ്റിക്സ് ചീഫ് കോച്ച് സി വിനയചന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം എൽഎൻസിപിഇ ഗ്രൗണ്ടിലെ 10 ദിവസത്തെ ക്യാമ്പിനുശേഷമാണ് ടീം ഗുജറാത്തിലെത്തിയത്. പരിശീലന ക്യാമ്പിൽ താരങ്ങളുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് വിനയചന്ദ്രൻ പറഞ്ഞു.
കോമൺവെൽത്ത് ഗെയിംസിലെ വെള്ളിമെഡൽ ജേതാവ് എം ശ്രീശങ്കർ, നയന ജയിംസ്, ആൻസി സോജൻ (ലോങ്ജമ്പ്), എ ബി അരുൺ, സാന്ദ്ര ബാബു (ട്രിപ്പിൾ ജമ്പ്), എയ്ഞ്ചൽ പി ദേവസ്യ (ഹൈജമ്പ്), മറീന ജോർജ് (ഹെപ്റ്റാത്തലൺ), ആർ ആരതി (400 മീറ്റർ ഹർഡിൽസ്) എന്നിവർ മെഡലുറപ്പിക്കുന്നു. 4 x-100, 4 x-400 വനിതാ റിലേ ടീമുകളും പുരുഷന്മാരുടെ 4 -x100 റിലേ ടീമും സ്വർണപ്രതീക്ഷയാണ്. രാജ്യാന്തര താരങ്ങളായ പി യു ചിത്ര (1500 മീറ്റർ), ഒളിമ്പ്യൻ ജിസ്ന മാത്യു (400 മീറ്റർ), അനു രാഘവൻ (400 മീ. ഹർഡിൽസ്) അടക്കം അഞ്ച് കേരളതാരങ്ങൾ മത്സരിക്കാനിറങ്ങുന്നില്ല.
ഇന്ന് 9 ഫൈനൽ
ട്രാക്കിലും ഫീൽഡിലുമായി ആദ്യദിനം ഒമ്പത് ഫൈനൽ. പുരുഷ, വനിതാ 20 കിലോമീറ്റർ നടത്തം, ഹാമർത്രോ, വനിതാ ഷോട്ട്പുട്ട്, വനിതാ 1500 മീറ്റർ എന്നിവയിൽ കേരളതാരങ്ങളില്ല. പുരുഷ ട്രിപ്പിൾജമ്പിൽ സി ഡി അനിൽകുമാർ, എ വി അരുൺ, 1500 മീറ്ററിൽ അഭിനന്ദ് സുന്ദരേശൻ, വനിതാ ഹൈജമ്പിൽ എയ്ഞ്ചൽ പി ദേവസ്യ, ആതിര സോമരാജ് എന്നിവർ ഇറങ്ങും.