കൊച്ചി > പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമത്തിന് നഷ്ടപരിഹാരത്തുകയായ 5.20 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ ആഭ്യന്തരസെക്രട്ടറി മുമ്പാകെ തുക കെട്ടിവച്ചില്ലെങ്കിൽ പോപ്പുലർ ഫ്രണ്ടിന്റെയും സംഘടനയുടെ ഭാരവാഹികളുടെയും പേരിലുള്ള സ്വകാര്യസ്വത്ത് അടക്കം കണ്ടുകെട്ടാൻ നടപടികൾ സർക്കാരിന് സ്വീകരിക്കാമെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി പി മുഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
ഹർത്താലിനെ തുടർന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത, കെഎസ്ആർടിസിക്കുനേരെയുണ്ടായ അക്രമം ഉൾപ്പെടെ എല്ലാ കേസുകളിലും പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ പ്രതിയാക്കണം. ഹർത്താൽ അക്രമത്തിൽ അറസ്റ്റിലായവർക്ക് ജാമ്യം നൽകുമ്പോൾ നഷ്ടപരിഹാരത്തുക കെട്ടിവച്ചതായി മജിസ്ട്രേട്ടുമാർ ഉപ്പാക്കണം. ഹർത്താലിനെതിരെ കേരള ചേമ്പർ ഓഫ് കൊമേഴ്സ് നൽകിയ ഹർജിയും അക്രമത്തിലുണ്ടായ നഷ്ടങ്ങൾ പിഎഫ്ഐയിൽനിന്ന് ഈടാക്കണമെന്നും ചേമ്പർ ഹർജിയിൽ കക്ഷിചേർക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ആർടിസിയും നൽകിയ ഹർജിയും പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.