തിരുവനന്തപുരം
സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വകുപ്പുകളുടെ ഏകോപനത്തിലൂടെ സേവനം വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കണം–- കലക്ടർമാരുടെയും വകുപ്പുമേധാവികളുടെയും വാർഷിക സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
പൊതുജനപരാതി പരിഹാരത്തിന് ജില്ലാതലങ്ങളിൽ കൃത്യമായ സംവിധാനമുണ്ടാകണം. സേവനത്തിനായി പൊതുജനങ്ങൾ ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയുണ്ടാകരുത്. കലക്ടർമാർ പ്രത്യേകം ഇടപെടണം. എല്ലാ മേഖലകളെയും സ്പർശിക്കുംവിധമാണ് രണ്ട് നൂറുദിന പരിപാടി നടപ്പാക്കിയത്. എന്നാൽ, പൂർത്തിയാക്കാനുള്ള ചില കാര്യങ്ങൾ മുൻഗണനാക്രമത്തിൽ പൂർത്തിയാക്കണം.
വികസന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം ഇല്ലാതാക്കണം. നഷ്ടപരിഹാരം സമയബന്ധിതമായി നൽകിവരുന്നുണ്ട്. അപൂർവമായെങ്കിലും ഉണ്ടാകുന്ന കാലതാമസം ഇല്ലാതാക്കണം. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം.
വയനാട് കോഫി പാർക്ക് ഇതുവരെ മുന്നോട്ടുകൊണ്ടുപോകാനായിട്ടില്ല. തടസ്സങ്ങളുണ്ടെങ്കിൽ വകുപ്പുകളുടെ ഏകോപനത്തിലൂടെ പരിഹരിക്കണം. സർക്കാർ സേവനങ്ങൾ ജനങ്ങൾക്കുള്ള ഔദാര്യമല്ല, അവകാശമാണ്. വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന മനോഭാവം ഗുണകരമല്ല. മറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറിയെന്ന മറുപടി നൽകി ഒഴിയുന്നതും ശരിയല്ല. ഓഫീസിൽനിന്ന് എത്തുമ്പോൾ ഇന്ന് എന്തെങ്കിലും അബദ്ധംപറ്റിയോ എന്ന ആത്മപരിശോധന നടത്തി നാളെ അത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പദ്ധതികളുടെ പുരോഗതിയുമായി ബന്ധപ്പെട്ട 55 അജൻഡകളാണ് രണ്ടു ദിവസത്തെ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.